വീണ്ടും റെക്കോഡ്; 57,118 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ പ്രതിദിന വർധനയിൽ ഇന്നും പുതിയ റെക്കോഡ്. അവസാന 24 മണിക്കൂറിൽ 57,118 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 16,95,988 ആയി കുതിച്ചുയർന്നു. 764 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണങ്ങൾ 36,511ലെത്തി. 

ഇതുവരെ 10.94 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 5,65,103 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നാലു ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രോഗവ്യാപനത്തിന് ഇനിയും വേഗമേറുമെന്ന ആശങ്കയാണു പൊതുവിലുള്ളത്. തുടർച്ചയായി മൂന്നാം ദിവസവും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ആന്ധ്രപ്രദേശ് വൻ വെല്ലുവിളി ഉയർത്തുന്നുണ്ട്. അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയെക്കാൾ കൂടുതൽ പുതിയ രോഗികളെ കണ്ടെത്തി ആന്ധ്ര എന്നതാണു ശ്രദ്ധേയം.

 ആന്ധ്രയിൽ 10,376 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 10,320. ആന്ധ്രയിലെ മൊത്തം വൈറസ്ബാധിതർ 1,40,933 ആയിട്ടുണ്ട്. 75,000ൽ ഏറെ ആക്റ്റിവ് കേസുകളുണ്ട് ആന്ധ്രയിൽ ഇപ്പോൾ. 68 പേർ കൂടിയാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. ഇതോടെ മരണസംഖ്യ 1,349 ആയിട്ടുണ്ട്.

 സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 4.22 ലക്ഷമായി രോഗബാധിതരുടെ എണ്ണം. 265 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 14,994 ആയിട്ടുണ്ട്. 2.56 ലക്ഷം പേർ സംസ്ഥാനത്ത് രോഗമുക്തരായി. റിക്കവറി നിരക്ക് 60.68 ശതമാനം. സംസ്ഥാനത്തെ മരണനിരക്ക് 3.55 ശതമാനമാണ്. 

തമിഴ്നാട്ടിൽ 2,45,849 രോഗബാധിതരാണുള്ളത്. 1.83 ലക്ഷം പേർ രോഗമുക്തരായി. ഇതുവരെയുള്ള മരണം 3,935. ഡൽഹിയിലെ രോഗബാധിതർ 1,35,598. ഇതിൽ 1,20,930 പേരും രോഗമുക്തരായിട്ടുണ്ട്. 3963 പേർ ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. രോഗബാധ കൂടുതൽ ഭീഷണി ഉയർത്തുന്ന മറ്റൊരു സംസ്ഥാനം കർണാടകയിൽ 1.24 ലക്ഷമാണ് വൈറസ്ബാധിതർ. 49,788 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2314 പേർ സംസ്ഥാനത്തു മരിച്ചു. ഉത്തർപ്രദേശിൽ രോഗബാധിതർ 85,000 കടന്നിട്ടുണ്ട്; പശ്ചിമ ബംഗാളിൽ 70,000വും.

പ്രതിദിന വർധനയിൽ റെക്കോഡാണ് പശ്ചിമ ബംഗാളിൽ. 24 മണിക്കൂറിനിടെ 2,496 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 70,188 ആയി. 45 പേർ കൂടിയാണു സംസ്ഥാനത്തു മരിച്ചത്. പശ്ചിമ ബംഗാളിലെ മൊത്തം കൊവിഡ് മരണം 1,581. കോൽക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനിലെ ‍അസിസ്റ്റന്‍റ് എസ്ഐ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച നഗരത്തിലെ ഒരു സീനിയർ ഡോക്റ്ററും കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. 

Share via
Copy link
Powered by Social Snap