വ്യാജരേഖ നിർമിച്ചാണ് വർക്കല എസ്.ആർ മെഡിക്കൽ കോളജ് സർക്കാറിൽ നിന്ന് മെഡിക്കൽ കൗൺസിലിന് സമർപ്പിക്കാൻ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്സമ്പാദിച്ചതെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശ പ്രകാരം കോളജിെൻറ ആവശ്യകത സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറ് സമർപ്പിച്ച ഹരജയിൽ സംസ്ഥാന സർക്കാറിന് വേണ്ടി ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബി. മനു സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ,  കോളജിൽ പരിശോധനക്ക് എത്തിയ മെഡിക്കൽ കൗൺസിൽ വിദഗ്ദ സംഘത്തിന് മാനേജ്മെൻറ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും സമ്മർദം ചെലത്തുകയും ചെയ്തതായും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പഞ്ചായത്തിെൻറ സീലും സെക്രട്ടറിയുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് കോളജ് കെട്ടിടത്തിന് ബിൽഡിങ് പെർമിറ്റ് ഉണ്ടാക്കിയതിന് മാനേജ്മെൻറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിച്ച വിജിലൻസ് റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോളജിൽ പഠന സൗകര്യമില്ലെന്ന് പലതവണ നടന്ന പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. കോളജിലെ വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റുന്നതിനായി മാനേജ്മെൻറുകളുടെ യോഗം വിളിച്ചതായും നാല് കോളജുകൾ വിദ്യാർഥികെള ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് സർക്കാർ ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ നിന്ന് 12 കിലോമീറ്റർ അകലെയായി കൊല്ലം പാരിപ്പള്ളിയിൽ സർക്കാർ മെഡിക്കൽ കോളജ് 2017-18 വർഷത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  ചികിത്സാസംവിധാനങ്ങൾ തീരെയില്ലാത്ത വർക്കല മെഡിക്കൽ കോളജിന് പകരം പൊതുജനങ്ങൾ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിനെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. മാറിയ സാഹചര്യത്തിൽ വർക്കല കോളജിെൻറ പുനരുജ്ജീവനം പ്രായോഗികമായി അസാധ്യമാണ്. ആവശ്യകത സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കോളജ് വ്യാജരേഖ നിർമിച്ചത് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ അത് പിൻവലിക്കാൻ സർക്കാറിന് അധികാരമുണ്ട്. വർക്കല കോളജ് നിലനിൽക്കുന്നത് പൊതുജനതാൽപര്യാർഥമല്ലെന്ന് തുടർച്ചയായി തെളിയിക്കപ്പെട്ടുകഴിഞ്ഞുവെന്നും ഇതുകൂടി പരിഗണിച്ചാണ് ആവശ്യകത സർട്ടിഫിക്കറ്റ് പിൻവലിച്ചതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.    

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap