വ്യോമസേനയുടെ പോർവിമാനവ്യൂഹത്തെ നയിക്കാനെത്തിയ റഫാൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൻ ഹരിയാനയിലെ അംബാല

ന്യൂഡൽഹി: വ്യോമസേനയുടെ പോർവിമാനവ്യൂഹത്തെ നയിക്കാനെത്തിയ റഫാൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൻ  ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെന്നു നിശ്ചയിക്കപ്പെട്ടത് തന്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാൽ. സ്വതന്ത്ര ഇന്ത്യയിൽ വ്യോമസേനയുടെ ആദ്യ താവളമാണ് അംബാലയിലേത്. ചൈന, പാക്കിസ്ഥാൻ അതിർത്തികളിലേക്ക് ഇവിടെ നിന്ന് തുല്യദൂരമെന്നതും അംബാലയുടെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടിഷ് റോയൽ എയർഫോഴ്സിന്‍റെ 99ാം സ്ക്വാഡ്രൻ ആസ്ഥാനമാക്കിയത് അംബാലയെയായിരുന്നു. വ്യോമസേനയുടെ ചരിത്രത്തിൽ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ നഗരത്തിന്.  1947നുശേഷം കാർഗിൽ യുദ്ധമുൾപ്പെടെ പാക്കിസ്ഥാനുമായുണ്ടായ യുദ്ധങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ചിരുന്നു അംബാല വ്യോമതാവളം. ബാലാക്കോട്ട് വ്യോമാക്രമണത്തിനും ചുക്കാൻ പിടിച്ചത് ഈ വ്യോമതാവളമായിരുന്നു. രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരംവീര ചക്ര ലഭിച്ച ഏക സ്ക്വാഡ്രനും (18ാം സ്ക്വാഡ്രൻ) അംബാലയിലേതാണ്.

ഫ്രഞ്ച് നിർമിത മിസ്റ്ററി, ജാഗ്വാർ, മിഗ് 21 ബൈസൺ തുടങ്ങിയ വിമാനങ്ങൾ വാങ്ങിയപ്പോഴും ആദ്യ താവളം അംബാലയായിരുന്നു. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയാൻ ബഹുതല സുരക്ഷയും മുന്നറിയിപ്പു സംവിധാനങ്ങളുമേർപ്പെടുത്തിയിട്ടുണ്ട് അംബാല വ്യോമതാവളത്തിൽ. 1965ലെ യുദ്ധത്തിൽ പാക്കിസ്ഥാന്‍റെ ബി 57 ബോംബർ വിമാനങ്ങൾ അംബാല വ്യോമതാവളം ആക്രമിച്ചിരുന്നു. എന്നാൽ, സൈനികാവശ്യത്തിനുള്ളതല്ലാത്ത കെട്ടിടങ്ങൾക്കു മാത്രമാണ് തകരാറുണ്ടായത്.

ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തിന്‍റെ അഭിമാന വ്യോമതാവളമായ അംബാലയിൽ എല്ലാ വിധ അടിസ്ഥാന സൗകര്യവുമുണ്ട്. അതുകൊണ്ടുതന്നെ റഫാലിനെ സ്വീകരിക്കാൻ പുതുതായി ഒരു സംവിധാനവും ഏർപ്പെടുത്തേണ്ടി വന്നില്ല.

Share via
Copy link
Powered by Social Snap