ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. രാവിലെ പത്തുമണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസിൽ എത്തിച്ചിരുന്നു.

തുടർന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സ്വർണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്‍റിന്‍റെ വാദം. അതേസമയം ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തി. 

Share via
Copy link
Powered by Social Snap