ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റേത് ആത്മഹത്യയാണെന്ന് സിബിഐ. ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോർട്ട്. ശ്രീജിവ് ആറ്റിങ്ങലിൽ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.
പിന്നീട് മേയ് 21 ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വച്ച് ശ്രീജിവ് മരിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ശ്രീജിവ് ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം.