ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി

ചേർത്തല: തുഷാർ അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ചെയർമാൻ വെള്ളാപ്പള്ളി നടേശൻ. കേസിൽ ഗൂഢാലോചനയില്ലെന്ന് തുഷാർ തന്നെ പറയുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരൻ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു.

രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കരുത്. അയാൾ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയിൽ തലച്ചോറില്ലെന്ന് തനിക്കിപ്പോൾ മനസിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ ജയിലിലൊന്നും പോയിട്ടില്ല. സ്റ്റേഷനിൽ തന്നെയായിരുന്നു. തുഷാറിന്‍റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം യൂസഫലി തന്നെ വിളിച്ച് സംസാരിച്ചിരുന്നു. കേസ് നിലനിൽക്കുന്നതല്ലെന്നും തട്ടിപ്പ് പരാതിയാണെന്നും അത് കൊണ്ട് വേവലാതി വേണ്ടെന്നും യൂസഫലി തന്നെ അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ നടക്കുന്ന എസ്എൻഡിഡി ട്രസ്റ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap