ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ്‌ നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭരണസമിതി ചെയർപേഴ്‌സൺ: തിരുവനന്തപുരം ജില്ലാജഡ്‌ജി. രാജകുടുംബം നാമനിർദേശം ചെയ്യുന്ന അംഗം, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗം, കേന്ദ്ര സാംസ്‌കാരികവകുപ്പ്‌ നാമനിർദേശം ചെയ്യുന്ന അംഗം, ക്ഷേത്രം മുഖ്യതന്ത്രി. ഉപദേശകസമിതി ചെയർപേഴ്‌സൺ: വിരമിച്ച ഹൈക്കോടതി ജഡ്‌ജി. രാജകുടുംബാംഗം ശുപാർശ ചെയ്യുന്ന പ്രമുഖ വ്യക്തി, രാജകുടുംബവും ചെയർപേഴ്‌സണും ചർച്ച ചെയ്‌ത്‌ നിയമിക്കേണ്ട ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌. സമിതികളുടെ കർത്തവ്യം ● ക്ഷേത്ര സ്വത്തും നിധികളും സംരക്ഷിക്കണം. ● പാട്ടത്തിനോ വാടകക്കോ‌ കൊടുത്ത എല്ലാ വസ്‌തുവകകളിൽനിന്നും ആദായം ലഭിക്കാന്‍ നടപടിയെടുക്കണം. ● മുഖ്യ തന്ത്രിയുടെ മേൽനോട്ടത്തിൽ മതപരമായ എല്ലാ ആചാരവും അനുഷ്‌ഠാനവും നടക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. ● സംസ്ഥാന സർക്കാർ ക്ഷേത്രത്തിനുവേണ്ടി വിനിയോഗിച്ച തുക മടക്കിക്കൊടുക്കാൻ നടപടിയെടുക്കണം. ● ക്ഷേത്രവരുമാനവും കാണിക്കയും ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ വിനിയോഗിക്കണം. ● നല്ല ആദായം ഉണ്ടാകുന്ന സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. ● അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നപോലെ 25 വർഷത്തെ കണക്കെടുപ്പ്‌ നടത്താൻ ഉത്തരവ്‌ പുറപ്പെടുവിക്കണം. സൽപേരുള്ള ചാർട്ടേഡ്‌ അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനത്തെ‌ ചുമതല ഏൽപ്പിക്കണം. ● ക്ഷേത്ര സമ്പത്ത്‌ ഏതെങ്കിലും രീതിയിൽ ദുർവിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണം. ● ബി നിലവറ തുറന്ന്‌ കണക്കെടുപ്പ്‌ നടത്തണോയെന്ന കാര്യം പരിശോധിച്ച്‌ തീരുമാനം എടുക്കണം. ● ക്ഷേത്രപരിസരത്തെ സൗകര്യം മെച്ചപ്പെടുത്തണം. ആധുനിക സജ്ജീകരണങ്ങൾ ഒരുക്കണം. ● എന്തൊക്കെ നടപടി സ്വീകരിച്ചെന്ന്‌ ഡിസംബർ രണ്ടാംവാരം സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കണം. അടുത്ത റിപ്പോർട്ട്‌ 2021 മാർച്ചിൽ നൽകണം. ● എല്ലാവർഷവും സംസ്ഥാന അക്കൗണ്ടന്റ്‌ ജനറലിന്‌ കണക്ക് സമർപ്പിക്കണം. മറ്റ്‌ നിർദേശങ്ങൾ ● നാല്‌ ആഴ്‌ചയ്‌ക്കുള്ളിൽ ഉപദേശസമിതിയും ഭരണസമിതിയും രൂപീകരിക്കണം. ● പുതിയ ഭരണസമിതി എക്‌സിക്യൂട്ടീവ്‌ ഓഫീസറെ നിയമിക്കണം. ● ക്ഷേത്രസുരക്ഷയ്‌ക്കുവേണ്ടിയുള്ള പൊലീസുകാർ തുടരണം. ചെലവ്‌ ക്ഷേത്രം വഹിക്കണം. ● കമ്മിറ്റികളിൽ അംഗങ്ങളായ രാജകുടുംബാംഗങ്ങൾക്ക്‌ പ്രതിഫലം ഉണ്ടാകില്ല.

You may have missed

Share via
Copy link
Powered by Social Snap