ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് മേക്കപ്പ് ആർട്ടിസ്റ്റിനെ ചോദ്യംചെയ്യും

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിന്‍റെ അന്വേഷണം സിനിമാ മേഖലയിലേക്ക്. ഷംനയെ തട്ടിപ്പ് സംഘത്തിന് പരിചയപ്പെടുത്തിയത് സിനിമാ മേഖലയിലുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ്. ഷംനയുടെ നമ്പർ പ്രതികൾക്ക് കൈമാറിയത് ഇയാളെന്ന് സൂചന. പ്രതി റഫീഖിന്റെ അടുത്ത ബന്ധുവായ മേക്കപ്പ് ആർട്ടിസ്റ്റിനെ ഉടൻ ചോദ്യം ചെയ്തേക്കും.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് വര്‍ഷങ്ങളായി സിനിമാ മേഖലയിലുള്ളയാളാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം പോയിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ള ഇയാള്‍ക്ക് നേരിട്ട് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷംനയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്ന് അന്വേഷിക്കുന്നുണ്ടെന്ന് തുടക്കത്തില്‍ തന്നെ പൊലീസ് പറഞ്ഞിരുന്നു. ഈ അന്വേഷണമാണ് സിനിമാ മേഖലയിലേക്ക് നീളുന്നത്.

കേസിൽ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

ബ്ലാക്ക്മെയില്‍ കേസിലെ പ്രതികളെ ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. പ്രതികള്‍ പിടിയിലായതിന് ശേഷം കൂടുതല്‍ പേര്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും റിസ്പ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.

കേസില്‍ പിടിയിലായ മുഖ്യപ്രതി ഷെറീഫിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ പ്രതികളെ സഹായിച്ചവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. കേസിലെ മറ്റൊരു പ്രതി അബൂബക്കറിനെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. മറ്റ് അഞ്ച് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഷംന കാസിം നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.

ടിക് ടോക് താരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചുള്ള വിവാഹ ആലോചന തട്ടിപ്പില്‍ യുവതിക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്‍വര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് വിവാഹലോചന വന്നതെന്ന് ഷംന കാസിം പറഞ്ഞിട്ടുണ്ട്. അന്‍വറിന്റെ പിതാവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ തന്‍റെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. സുഹറ എന്ന് പരിചയപ്പെടുത്തിയ മാതാവ്, സഹോദരി തുടങ്ങിയവരും സംസാരിച്ചു. അങ്ങനെ വിശ്വസനീയമായ രീതിയിലാണ് അവര്‍ ഇടപെട്ടത്. എന്നാല്‍ കാണാന്‍ വന്നത് അഞ്ച് പേരാണ്. അവരില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാലാണ് വിവാഹാലോചന മുന്നോട്ടുകൊണ്ടുപോവാതിരുന്നതെന്നും തുടര്‍ന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും ഷംന കാസിം പറഞ്ഞു.

Share via
Copy link
Powered by Social Snap