ഷാജി എൻ.കരുണിനെ ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നതായി ആക്ഷേപം

പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ.കരുണിനെ ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നതായി ആക്ഷേപം.

രജത ജൂബിലി ആഘോഷിക്കുന്ന, കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ അക്കാദമിയുടെ ആദ്യ ചെയർമാൻ കൂടിയായ ഷാജിയെ ക്ഷണിച്ചിരുന്നെങ്കിലും സദസ്സിൽ പോയി കാഴ്ചക്കാരനായി ഇരിക്കാൻ താൽപര്യമില്ലാത്തതിനാൽ അദ്ദേഹം പങ്കെടുത്തില്ല. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിലും ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ ഇരിക്കാൻ അർഹനായിരുന്നു ഷാജി. എന്നാൽ കാര്യമായ ഒരു റോളും അദ്ദേഹത്തിന് അക്കാദമി ഭാരവാഹികൾ നൽകാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്.

1988ൽ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം(ഐഎഫ്എഫ്ഐ) തിരുവനന്തപുരത്ത് അരങ്ങേറിയപ്പോൾ ഷാജിയുടെ അഭ്യർഥന അനുസരിച്ച് പ്രശസ്ത സംവിധായകൻ അരവിന്ദൻ മേളയുടെ പോസ്റ്റർ  തയാറാക്കിയിരുന്നു.പിൽക്കാലത്ത് ഈ പോസ്റ്ററിലെ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഷാജിയാണ് കേരള ചലച്ചിത്രോത്സവത്തിന്റെ(ഐഎഫ്എഫ്കെ) ആദ്യ സിഗ്നേച്ചർ സിനിമ തയാറാക്കിയത്. അരവിന്ദൻ വരച്ച പോസ്റ്റർ പരിഷ്കരിച്ചായിരുന്നു കേരള ചലച്ചിത്രോത്സവത്തിന്റെ ലോഗോ തയാറാക്കിയത്. അരവിന്ദൻ 1991ൽ അന്തരിച്ചു. കേരള ചലച്ചിത്ര മേളയിൽ മത്സരവിഭാഗം തുടങ്ങിയത് 1998ൽ ഷാജി ആയിരുന്നു. എന്നാൽ ഇപ്പോൾ കേരള ചലച്ചിത്ര മേളയുടെ ലോഗോയെക്കുറിച്ചു പറയുമ്പോൾ അരവിന്ദന്റെ കാര്യമേ ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളിലുള്ളൂ. മേള തുടങ്ങുന്നതിന് ഏഴു വർഷം മുൻപു മരിച്ച അരവിന്ദൻ, മേളയ്ക്കായി ലോഗോ തയാറാക്കിയെന്നാണു പ്രചരിപ്പിക്കുന്നത്. ഷാജിയുടെ പങ്ക് തമസ്കരിക്കുന്നു.

സംസ്ഥാനത്തൊട്ടാകെ സിനിമകൾ പ്രദർശിപ്പിക്കുന്നതിനു ചലച്ചിത്ര അക്കാദമിക്കു പ്രത്യേക വാൻ സജ്ജീകരിച്ചിട്ടുണ്ട്. വാനിന്റെ പുറത്ത് പ്രമുഖ സിനിമകളുടെ പേരു പെയ്ന്റ് ചെയ്തിരുന്നു. എന്നാൽ ചലച്ചിത്ര അക്കാദമിയിലെ ചില ആളുകൾ ഇടപെട്ട് ഷാജിയുടെ പിറവിയുടെ പേര്  മായിച്ചു കളഞ്ഞുവെന്നാണ് ആക്ഷേപം. മലയാള സിനിമയുടെ ചരിത്രം തന്നെ അക്കാദമിയിലെ ചിലർ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നു ഷാജി എൻ.കരുൺ പറഞ്ഞു.

Share via
Copy link
Powered by Social Snap