സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്പതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശം

കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്പതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശം. കേരള കാർഷിക സർവകലാശാലയിലെ ഗവേഷണവിഭാഗം 2019 ജനുവരി മുതൽ ജൂൺ വരെ വിപണിയിൽനിന്നും കർഷകരിൽനിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പച്ചക്കറികളും പരിശോധിച്ചു. ഇതിന്റെയെല്ലാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

കീടനാശിനി അംശം കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. ഏലം, കുരുമുളക് എന്നിവയിൽ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്പ് എന്നിവയിലും ഇല്ലെന്നത് ആശ്വാസമാണ്.

വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച കറിവേപ്പിലയിൽപോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാർശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്‌. കേരളത്തിലെ കർഷകരിൽനിന്ന് ശേഖരിച്ച കറിവേപ്പിലയിൽ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളിൽനിന്ന് ശേഖരിച്ച 257 പച്ചക്കറികളിൽ 20 ശതമാനത്തിൽ കീടനാശിനി കണ്ടെത്തി.

കീടനാശിനി കണ്ടെത്താത്ത ഇനങ്ങൾ

ബീറ്റ്‌റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തൻ, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ.

പരിശോധനാരീതി

കൃഷിവകുപ്പിന്റെ ധനസഹായത്തോടെ കേരള കാർഷിക സർവകലാശാലയുടെ ‘സേഫ് ടു ഈറ്റ്’ പദ്ധതിയിൽ നടത്തിയ 46-ാമത് പഠനമാണിത്. വെള്ളായണി കാർഷിക കോളേജിലെ എൻ.എ.ബി.എൽ. അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കീടനാശിനിയുടെ നൂറു കോടിയിൽ ഒരംശം പോലും കണ്ടെത്താനാകുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ് മാസ് സ്‌പെക്ട്രോമീറ്റർ, ലിക്വിഡ് ക്രൊമറ്റോഗ്രാഫ് സ്‌പെക്ട്രോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap