സംസ്ഥാനത്ത് 121 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; പതിനൊന്നാം ദിവസവും നൂറിലധികം രോഗികള്

സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

79 പേർ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂർ 26, കൊല്ലം 11, പാലക്കാട് 12, കാസർകോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, മലപ്പുറം 13 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍.

തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂര്‍-5, പാലക്കാട്-3, കോഴിക്കോട്-3, മലപ്പുറം-7, കണ്ണൂര്‍- 13, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്നു വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറ് അര്‍ധരാത്രിവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ക്കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേങ്ങളില്‍ നിയോഗിക്കും.

അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണുകളില്‍ വിശദമായ പരിശോധനയും വീടുതോറുമുള്ള സര്‍വേയും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് പതിനായിരം പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോൺടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ൻ‌മെന്റ് സോണുകൾ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയിൽ നിയന്ത്രിക്കും. വീടുകൾ സന്ദർശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും.

അതിനു ശേഷം കോൺടാക്റ്റ് ട്രേസിങ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകളിൽ കേസുകളുടെ എണ്ണം കൂടുകയാണെങ്കിൽ അതിനെ നേരിടാനുള്ള പദ്ധതിയും തയാറാക്കി. അത്തരം സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നതുതൊട്ട് അവിടെ സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതിയാണ്.

സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നു. എന്നാൽ ഇത്തവണ വാർഷാകാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയാൻ ഇല്ലാഞ്ഞിട്ടല്ല, നാം ഒരു മഹാമാരിയെ നേരിടുന്നതിനാലാണ്. ലോകത്ത് സമ്പത്തു കൊണ്ടും ആധുനിക സൗകര്യങ്ങൾ കൊണ്ടും ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും കോവിഡ് പോരാട്ടത്തിൽ നമ്മുടെ നേട്ടത്തെ ഉറ്റുനോക്കുകയാണ്.– മുഖ്യമന്ത്രി വിശദീകരിച്ചു

Share via
Copy link
Powered by Social Snap