സംസ്ഥാനത്ത് 14233 പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. 

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.

13,433 പേര്ക്ക് രോഗം ബാധിച്ചത് സമ്പര്ക്കത്തിലൂടെ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍ഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

15,355 പേര്രോഗമുക്തി നേടി

തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

5 പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നിന്നും നമ്മൾ മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാ‌ർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറയുകയാണ്. ലോക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. ജനങ്ങൾ സഹകരിച്ചു. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല.

കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടുമെന്നും. നിയന്ത്രണം കർക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന കൂട്ടാൻ നിർദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തിൽ മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രോഗം ബാധിച്ചവരെ സിഎഫ്എൽടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേർത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതൽ രോഗികളുള്ള ഇടങ്ങളിൽ നടപ്പിലാക്കേണ്ട പരിപാടിയാണത്.

ജൂൺ 16 ന് ശേഷം സെക്രട്ടറിയേറ്റിലെ ആളുകൾക്ക് വാക്സിനേഷൻ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് മുൻഗണന നൽകും.

നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ

ലോക്ഡൗൺ വേളയിൽ നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും . എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസർവീസിന് മാത്രം ഇളവ് നൽകും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക് ഡൗണുമായി പൂർണമായി സഹകരിക്കണം.

ജനസംഖ്യയുടെ 25 ശതമാനം പേർക്ക് വാക്സീൻ നൽകി

വാക്സീനേഷൻ ജനസംഖ്യയുടെ 25 ശതമാനം പേർക്ക് നൽകിയെന്ന് പറഞ്ഞ മുഖ്യമന്ത്രി രണ്ട് ദിവസത്തേക്കുള്ള വാക്സീൻ ഉണ്ടെന്നും അറിയിച്ചു. ആവശ്യത്തിനുള്ളത് കേന്ദ്രം നൽകുമെന്നതിലാണ് പ്രതീക്ഷ. രണ്ട് ഡോസ് എടുത്തവർക്ക് യാത്രക്കിടെ സർട്ടിഫിക്കേറ്റ് നിർബന്ധമില്ലെന്നും നിർദ്ദേശിച്ചു. 

കണ്ണൂരിൽ പരിയാരത്ത് കൊവിഡ് ചികിത്സയിലായിരുന്ന 104 വയസുള്ള ജാനകിയമ്മ രോഗമുക്തി നേടിയത് മികവിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസിന് ജനികമാറ്റ സാധ്യത കൂടുതലാണെന്നും ഇതിൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ഓ‌‌ർമ്മിപ്പിച്ചു. വൈറസ് വകഭേദങ്ങൾക്ക് ആൽഫ ബീറ്റ ഗാമ ഡെൽറ്റ പേര് നൽകിയിരിക്കുകയാണ്. ഡെൽറ്റയാണ് കേരളത്തിൽ കൂടുതൽ. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റയാണ്. വാക്സീൻ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാൻ ഇവക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളിൽ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ട്. അതിനാൽ കൊവിഡ് ചട്ടങ്ങൾ പാലിക്കണം. ഇരട്ട മാസ്ക്ക് ധരിക്കുക. 

വേണം അതീവ ജാഗ്രത

കൂടിച്ചേരലുകൾ ഒഴിവാക്കുക. വാക്സീനെടുത്തവരും ശ്രദ്ധിക്കണം. അവരിലും കൊവിഡ് പടർത്താൻ ഡെൽറ്റക്ക് കഴിയുമെന്ന് മുഖ്യമന്ത്രി വാ‌‌‌ർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. അവരിലൂടെ മറ്റുളളവരിലേക്ക് പടരും. വാക്സീനെടുത്താലും പ്രമേഹമടക്കമുള്ളവർ മുടക്കരുത്. രണ്ട് മൂന്ന് തരംഗങ്ങൾക്ക് ഇടയിലുള്ള ദൈർഘ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനിൽ രണ്ടുമാസത്തെ ഇടവേളയായിരുന്നു. ഇറ്റലി 17 ആഴ്ച, അമേരിക്ക 23 ആഴ്ച. കേരളത്തിൽ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കണം. അതല്ലെങ്കിൽ മരണം കൂടാൻ സാധ്യതയുണ്ട്. ലോക്ഡൗൺ ഇളവ് ശ്രദ്ധാപൂർവമാകണം. ആരോഗ്യ സംവിധാനം ശാക്തീകരിക്കാൻ നടപടികളെടുക്കും. 

എന്ത് കൊണ്ട് ലോക്ക് ഡൗൺ നീട്ടി

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസിൽ കുറയുമ്പോഴും ലോക്ഡൌൺ നീട്ടിയതിനെ കുറിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്. ടിപിആ‌‌‌ർ കുറയാതെ തുടരുന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വൈറസ് വ്യാപനം കുറച്ചില്ലെങ്കിൽ രോഗവ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തിൽ കൂടുതലാണ്. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണ്. അതാണ് ലോക്ഡൌൺ ദീർഘിപ്പിച്ചത് – മുഖ്യമന്ത്രി വിശദീകരിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പടർത്തുന്നത് ചിലർ തുടരുന്നു. മാധ്യമങ്ങൾ ശക്തമായ നിലപാടെടുക്കണം. 

മൂന്നാം തരംഗത്തെ നേരിടാൻ

മൂന്നാം തരംഗം വന്നാൽ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തിൽ പ്രചാരണമുണ്ട്. ആശങ്ക വേണ്ട. മൂന്നാം തരംഗം വന്നാൽ  പ്രതിരോധിക്കാൻ മുൻകരുതലുകൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷൻ വാർഡ് ഒരുക്കും. തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷൻ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ കേസുകൾ  ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണം. 

വാഗ്ദാനങ്ങൾ പാലിക്കും

സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുന്ന കീഴ്വഴക്കമാണ് കഴിഞ്ഞ 5 വർഷം സ്വീകരിച്ചത്, പ്രകടന പത്രിക നടപ്പാക്കാനുള്ളതാണെന്നും അതിന്റെ പുരോഗതി ഓരോഘട്ടത്തിലും ജനം അറിയണം. കഴിഞ്ഞ സർക്കാരിന്റെ ആ രീതി ഈ സർക്കാരും അവലംബിക്കും. ജൂൺ 11 മുതൽ സെപ്ടംബർ 10 വരെ 100 ദിന പരിപാടി നടത്തും. കൊവിഡ് മഹാമാരിയുടെ ആരംഭ ഘട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെ വേണ്ടി വന്നു. സമ്പദ്ഘടനയിൽ മാറ്റമുണ്ടായി. 

ജൂണ്‍ 11 മുതല്സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി 

കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍  കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ്  പ്രാധാന്യം നല്‍കുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. 

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും.  കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്‍റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.

പ്രധാന പ്രഖ്യാപനങ്ങൾ

 •  20 ലക്ഷം അഭ്യസ്‌ത വിദ്യർക്ക് കെ ഡിസ്ക് വഴി തൊഴിൽ ഉറപ്പാക്കും
 •  77350 തൊഴിൽ അവസരം വിവിധ വകുപ്പുകൾക്ക് കീഴിൽ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും
 •  945 കോടി 35 ലക്ഷം രൂപയുടെ ഒമ്പത് റോഡ് പദ്ധതികൾ നൂറു ദിനം കൊണ്ട് നടപ്പാക്കും
 •  2000 പട്ടയങ്ങൾ നൂറു ദിനം കൊണ്ട് വിതരണം ചെയ്യും
 •  ലൈഫ് മിഷൻ വഴി 10000 വീടുകൾ കൂടി പൂർത്തിയാക്കും
 •  200 കോടിയുടെ ധന സഹായം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നൽകും
 •  90 സ്കൂൾ കെട്ടിടങ്ങൾ ഉത്ഘാടനം ചെയ്യും
 •  സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകും
 • 100 കോടിയുടെ വായ്പ പദ്ധതി മടങ്ങി വന്ന പ്രവാസികൾക്ക് നൽകും
 • ചെല്ലാനത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ
 • പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
 • 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.
Share via
Copy link
Powered by Social Snap