സച്ചിൻ പൈലറ്റ് നയിച്ചാൽ ദുരന്തം: ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ

ജയ്പുർ: സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നേരിടുകയാണെങ്കിൽ അതിലും വലിയ ദുരന്തം പാർട്ടിക്ക് സംഭവിക്കാനില്ലെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ ഉപദേഷ്ടാവ് രാംകേശ് മീണ. സച്ചിൻ പൈലറ്റ് തന്‍റെ സ്വാധീനത്തെക്കുറിച്ചു ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മീണ പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിസഭ 15 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു മണിക്കൂറുകൾക്കുള്ളിലാണ് മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്‍റെ വിശ്വസ്തനായ മീണ എതിർ ഗ്രൂപ്പ് നേതാവ് സച്ചിൻ പൈലറ്റിനെതിരേ കടുത്ത പ്രസ്താവന നടത്തുന്നത്.

മന്ത്രിസഭാ വികസനത്തിൽ സച്ചിൻ പൈലറ്റ് ഗ്രൂപ്പിന് അഞ്ചു ക്യാബിനറ്റ് മന്ത്രിമാരെ ലഭിച്ചിരുന്നു. പുനഃസംഘടനയിൽ സച്ചിൻ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, പാർട്ടിയിൽ കാര്യങ്ങൾ ശുഭകരമല്ലെന്നു തെളിയിക്കുന്നതാണു മീണയുടെ പ്രസ്താവന.  എന്തുകൊണ്ടാണ് സ്വതന്ത്ര എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് എന്ന ചോദ്യത്തിന് ഹൈക്കമാൻഡിന് കൃത്യമായി വിവരങ്ങൾ ലഭിക്കാത്തതുകൊണ്ടാണെന്നും മീണ. സ്വതന്ത്രരെയും ബിഎസ്പിയെയും ആവശ്യമില്ലെന്നാണ് ആവർത്തിച്ച് ഹൈക്കമാൻഡിനോടു പറയുന്നത്. സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പു നേരിടുന്നതെങ്കിൽ വേറെ ദുരന്തമൊന്നും പാർട്ടിക്ക് ഉണ്ടാവാനില്ല. ഞാൻ ഹൈക്കമാൻഡിനെ കാണുന്നുണ്ട്. നിരവധി പേർക്ക് സ്ഥാനാർഥിത്വം നിഷേധിച്ച് കലാപമുണ്ടാക്കിയ സച്ചിൻ പൈലറ്റ് ഇതിനകം പാർട്ടിക്ക് വലിയ ദോഷം വരുത്തിവച്ചെന്നും മീണ.ഞായറാഴ്ചയാണ് ഗെഹ്‌ലോട്ട് മന്ത്രിസഭ വികസിപ്പിച്ചത്.

Share via
Copy link
Powered by Social Snap