സഞ്ചാരികള്ക്ക് കടല്മാര്ഗം സെയ്ഷൽസില് പോകാനാകില്ല

സഞ്ചാരികൾ തേടിച്ചെല്ലുന്ന സ്വപ്നഭൂമികളിലൊന്നാണ് ആഫ്രിക്കൻ വൻകരയിൽ നിന്നു അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സെയ്ഷൽസ്. നൂറ്റിപ്പത്തിലധികം ദ്വീപുകൾ ചേർന്നതാണ് ഇൗ രാജ്യം. മധുവിധു ആഘോഷിക്കാനും ബേബിമൂൺ യാത്രകൾക്കും നിരവധി ദമ്പതികളാണ് സെയ്‌ഷെൽസിലെ പല  ദ്വീപുകളിൽ എത്തിച്ചേരുന്നത്. രാജ്യം കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ക്രൂയിസ് ഷിപ്പുകളിലെത്തുന്ന സഞ്ചാരികളെ തടയുന്നു. 2021 വരെ ഇവിടേക്കുള്ള ക്രൂയിസ് യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.‌

രാജ്യത്ത് ടൂറിസം മോശംഗതിയിലാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗവ്യാപനം തടയാനായുള്ള  മാർഗ‍ം ഇതാണെന്നും സെയ്ഷൽസ് ടൂറിസം ബോർഡ് വ്യത്കമാക്കി. സെയ്ഷൽസിലേക്കുള്ള കപ്പൽ യാത്രയാണ് മിക്ക സഞ്ചാരികളും തെരഞ്ഞെടുക്കുന്നത്. അത്രയ്ക്കും മനോഹരമാണ് ക്രൂയിസ് ട്രിപ്. വിമാനയാത്രയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വിമാനയാത്ര ജൂൺ 1 മുതൽ പുനരാരംഭിക്കും.

അറിയാം

∙ലോകത്ത് ഏറ്റവും മികച്ച ബീച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഈ രാജ്യം.

∙ഇവിടത്തെ ദ്വീപുകളിൽ താരതമ്യേന വലുതും ജനവാസമുള്ളവയുമായ വഹി, പ്രസ്‍ലിൻ, ലാ, ഡീഗ എന്നിവ ടൂറിസം സൗകര്യങ്ങളോടു കൂടിയവയാണ്. 

∙പ്രസ്‍ലിൻ ദ്വീപിലെ അൻസി, ലസിയോ ഏറ്റവും മനോഹര മായ ബീച്ചുകളിലൊന്നാണ്. ലാ ഡീഗയിലെ ആൻസ് സോഴ്സ്ഡി’ അർഗന്റും ഏറെ പ്രശസ്തമാണ്.

∙പ്രസ്‍ലിൻ ദ്വീപിലെ സംരക്ഷിത വനഭൂമിയായ വാലിഡിമായി ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാഴ്ചയാണ്. ലോകത്ത് ഏറ്റവും വലിയ ഫലമുള്ള സസ്യം കൊക്കോ ഡി മെർ വളരുന്ന സ്ഥലം കൂടിയാണ് ഇത്.

∙സെയ്ഷൽസ് ബുൾബുൾ, ചിലതരം പ്രാവുകൾ, കറുത്ത തത്ത തുടങ്ങിയ ചില അപൂർവ പക്ഷികളും ഇവിടെ കാണപ്പെടുന്നു.