സന്തോഷവാർത്ത! വിക്രം ലാന്ഡര് ചന്ദ്രോപരിതലത്തില് കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഇസ്രോ അറിയിച്ചു.

വില്ലനായത് ഇറക്കത്തിന്റെ വേഗത കൂടിയതോ

വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

പ്രതീക്ഷ ഓർബിറ്ററിൽ

ഓർബിറ്റർ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ട്. ഓ‌ർ‌ബിറ്ററിന്‍റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഓർബിറ്ററിന് വിക്രമിനെ കാണാനാകുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓ‌ർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. വേണമെങ്കിൽ ഓർബിറ്ററിന്‍ പ്രപൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്താൽ അത് ഓർബിറ്ററിന്‍റെ പ്രവർത്തന കാലാവധി ബാധിക്കുമെന്നതിനാൽ ഇസ്രൊ ഇതിന് മുതിരില്ല. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിൽ എറ്റവും മികച്ച ക്യാമറയാണ് ചന്ദ്രയാൻ ഓർബിറ്ററിന്‍റേത് എന്നത് സഹായകമാകുമെന്നാണ് പ്രതീക്ഷ. 

മാൻസിനസ് സി സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിൽ ഇറങ്ങേണ്ടിയിരുന്ന വിക്രമിന്‍റെ സ്ഥാനം ഇപ്പോഴെവിടെയാണെന്ന് ഇത് വരെ ഇസ്രൊ അറിയിച്ചിട്ടില്ല. അടുത്ത പതിനാല് ദിവസങ്ങളിലും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രൊ വ്യക്തമാക്കിയിരുന്നു. വിക്രമിന്‍റെ സ്ഥാനം കണ്ടെത്താനായത് ഈ പ്രവർത്തനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

വിക്രം ലാ‍ൻഡറിന്‍റെ തെർമ്മൽ ഇമേജ് ലഭിച്ചതായി ഇസ്രൊ ചെയർമാൻ ഡോ കെ ശിവനാണ് വാർത്താ ഏജൻസി എഎൻഐയോട് പറ‍ഞ്ഞത്. വിക്രം ചന്ദ്രോപരിതലത്തിൽ ഉണ്ട് എന്നതിന് ഇതോടെ സ്ഥിരീകരണമായി പക്ഷേ വിക്രമുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap