സമര പരമ്പര്യമുള്ള ഇടതുപക്ഷത്തിന് സമരങ്ങളോട് പുച്ഛം തോന്നുന്നത് ഭൂഷണമല്ല: ഗീവർഗീസ് കൂറിലോസ്

പി.എസ്​.സി റാങ്ക്​ ഹോള്‍ഡേഴ്സിന്‍റെ സമരത്തോട് സർക്കാർ നിഷേധാത്മക നിലപാട്​ സ്വീകരിക്കുന്നതിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ്‌ മാർ കൂറിലോസ്‌ രംഗത്ത്​. നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യമുള്ള ഇടതുപക്ഷത്തിന്​ സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന്​ മാർകൂറിലോസ്​ ഫേസ്​ബുക്കിൽ വ്യക്തമാക്കി.

ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ബാഹ്യഇടപെടലുണ്ടെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട്. ഈ മനോഭാവത്തെയാണ് ഗീവർഗീസ്‌ മാർ കൂറിലോസ് വിമര്‍ശിച്ചത്. സർക്കാറി​നെ പല കാര്യങ്ങളിലും അനുകൂലിച്ചിട്ടുള്ള മാർകൂറിലോസ്​ സിപിഎമ്മിന്‍റെ ലീഗിനെതിരെയുള്ള പ്രചാരണത്തെയും വിമര്‍ശിച്ചിരുന്നു.

”പറയാതെ വയ്യ, തെരഞ്ഞെടുപ്പുകൾ വരും പോകും. ജയവും തോൽവിയും മാറിമറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്‍ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. എന്ന് മാത്രമല്ല, അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനാത്മകമായ സന്ദർഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്‍ലിം – ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്‍റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപ്പിക്കും”.

ഇസ്‌ലാമോഫോബിയയില്‍ വീഴുന്ന സഭാ നേതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും ഒരു അഭിമുഖത്തില്‍ മാര്‍ കൂറിലോസ് വ്യക്തമാക്കുകയുണ്ടായി.

Share via
Copy link
Powered by Social Snap