സാന്ത്വന ചികിത്സാ കേന്ദ്രത്തില് എട്ടുവയസുകാരിക്ക് പീഡനം; അന്വേഷണം ഇഴയുന്നതായി പരാതി

മലപ്പുറം: മലപ്പുറത്ത് സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍ എട്ടുവയസുകാരി ലൈംഗിക പീഡനത്തിരയായ കേസില്‍ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതായി പരാതി. കുന്നുംപുറം പാലിയേറ്റീവ് കെയർ സെന്‍റർ സെക്രട്ടറിയും ഡ്രൈവറുമാണ് കേസിലെ പ്രതികൾ. അതേസമയം പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.

അമ്മയ്ക്ക് കാന്‍സർ ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായാണ് രണ്ട് വർഷം മുന്‍പ് പെൺകുട്ടി കുന്നുംപുറത്തെ പാലിയേറ്റീവ് കെയർ സെന്‍ററിലെത്തുന്നത്. കുട്ടിയുടെ അച്ഛനും നേരത്തെ കാന്‍സർ ബാധിച്ചു മരിച്ചിരുന്നു. 2018 സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 27നും ഇടയില്‍ പല ദിവസങ്ങളിലായി ചികിത്സാ കേന്ദ്രം സെക്രട്ടറി സക്കീറലിയും ഡ്രൈവ‍ർ മുഹമ്മദും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി.

പുറത്തു പറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. അമ്മയുടെ മരണശേഷം ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ കുട്ടി ഇക്കഴിഞ്ഞ ജൂണിലാണ് പീഡനം വിവരം വെളിപ്പെടുത്തിയത്. ഇരുവരെയും പ്രതിയാക്കി കേസെടുത്ത പൊലീസ് പോക്സോ വകുപ്പുകളും ചുമത്തി.

പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. എന്നാല്‍ രണ്ടുമാസത്തിനിപ്പുറവും പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾക്ക് കൈമാറും മുന്‍പ് പെൺകുട്ടി അനാഥയാണെന്നു കാട്ടി പണം തട്ടാന്‍ പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്നും കുട്ടിയുടെ സ്വർണാഭരണങ്ങൾ ഇതുവരെ തിരിച്ചേല്‍പിച്ചിട്ടില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്. 

കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും പരാതിയുണ്ട്. അതേസമയം ഒഴിവില്‍ കഴിയുന്ന പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നാണ് തിരൂരങ്ങാടി സിഐയുടെ പ്രതികരണം.

Share via
Copy link
Powered by Social Snap