സാലറി ചലഞ്ച് വിവാദം; കെഎസ്ഇബി ഇന്ന് 132.46 കോടി രൂപ കൈമാറും

തിരുവനന്തപുരം: വിവാദമായ കെഎസ്ഇബിയിലെ സാലറി ചലഞ്ച് വിഷയം പരിസമാപ്തിയിലേക്ക്. ജീവനക്കാരില്‍ നിന്ന് പിരിച്ച 132.46 കോടി രൂപ, വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിന് ശേഷം കെഎസ്ഇബിയും സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നത്. 2018 ഒക്റ്റോബറില്‍ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പത്തു മാസത്തവണകളായി പണം അടച്ചാണ് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജിവനക്കാര്‍ ഓരോ മാസവും കൈമാറിയത്.132.46 കോടി രൂപ പിരിച്ചെടുത്തെങ്കിലും പണം ഇതുവരെ സര്‍ക്കാരിന് കൈമാറിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒന്നിച്ചുനല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.ഓഗസ്റ്റ് 16ന് ചെക്ക് തയ്യാറാക്കാന്‍ ഉത്തരവുമിറക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം വൈദ്യുതി മന്ത്രി എം.എം. മണി തുക മുഖ്യമന്ത്രിക്ക് കൈമാറും.