സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക്…. ഇത് വേറിട്ട പരീക്ഷണം

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിരിക്കുകയാണ് റഷ്യന്‍ ചലച്ചിത്ര സംഘം. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ‘ദി ചലഞ്ച്’. ചിത്രീകരണത്തിനായി നടി യൂലിയ പെര്‍സില്‍ഡും സംവിധായകന്‍ ക്ലിം ഷില്‍പെന്‍കോയുമാണ് ചൊവ്വാഴ്ച റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പോയത്.

ഹൃദയ സംബന്ധമായ അസുഖം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ രക്ഷിക്കാനായി പുറപ്പെടുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ബഹിരാകാശത്തേക്ക് പുറപ്പെടും മുന്‍പ് സംവിധായകനും നായികയും ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബഹിരാകാശത്തില്‍ എത്തിയതിന് ശേഷം,നാസയുടെ ഒരുസംഘം ബഹിരാകാശ സഞ്ചാരികളും ഇവര്‍ക്കൊപ്പം സഹകരിക്കും. ഒക്ടോബര്‍ പതിനേഴിന് സംഘം തിരിച്ചെത്തും. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവിനൊപ്പമാണ് ഇവര്‍ യാത്ര തിരിച്ചത്. ഖസക്കിസ്ഥാനിലെ റഷ്യന്‍ സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു യാത്ര.

പന്ത്രണ്ട് ദിവസമാണ് ബഹിരാകാശത്ത് ചിത്രീകരിക്കാനായി ഉദ്ദേശിക്കുന്നത്. കടുത്ത പരിശീലനമാണ് ഇതിനുവേണ്ടി നടത്തിയതെന്ന് നടി വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സോയുസ് സ്പെയ്സ്‌ക്രാഫ്റ്റിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. ഇവര്‍ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share via
Copy link
Powered by Social Snap