സിനിമാ വാഗ്ദാനം, 15-കാരിക്കുനേരെ പീഡന ശ്രമം; തട്ടിപ്പുവീരനെ പൊലീസ് വലവിരിച്ച് പിടികൂടി

പത്തനംതിട്ട: തട്ടിപ്പ് വീരൻ 15 വയസുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടിൽ രാജേഷ് ജോർജിനെ ആണ് പാലാ പൊലീസ് പിടികൂടിയത്‌. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തിയ നിരവധി കേസുകളിൽ പ്രതിയാണ് രാജേഷ് ജോർജ്. ഇയാൾ നേരത്തെയും പൊലീസ് പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പും മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. പാലായിൽ സ്ത്രീ നടത്തുന്ന കടയിൽ എത്തിയാണ് രാജേഷ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മ ഇല്ലാത്ത സമയം കടയിൽ എത്തിയ രാജേഷ് അമ്മ പറഞ്ഞിട്ടാണ് വന്നതെന്നും സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടുകയാണ് എന്നും അറിയിച്ചു.

തുടർന്ന് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചു. അതിനുശേഷം പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തുകയായിരുന്നു.പെൺകുട്ടിയും അമ്മയും പാലാ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ രാജേഷിനായി പാലാ ടൗണിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചു. പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. 

പിന്നീട് കൃത്യമായ മേൽവിലാസം പറയാതെ പോലീസിനെ കുഴപ്പിക്കാനും രാജേഷ് ശ്രമിച്ചു. രാജേഷിനെതിരെ പോക്സോയ്ക്ക് പുറമെ വഞ്ചനയ്ക്കും മോഷണത്തിനും കേസെടുത്തു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കൊല്ലത്ത് ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് രാജേഷ് ജോർജ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്

Share via
Copy link
Powered by Social Snap