സിനിമ തുടങ്ങുന്നു കേരളത്തിലൊഴികെ

കോവിഡ് ബാധയിലെ കുറവിനെത്തുടർന്നു മിക്ക സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകൾ തുറക്കുന്നു. കേരളത്തിലെ കാര്യം അവ്യക്തമാണ്. അടുത്ത മാസം ആദ്യവാരത്തോടെ കേരളത്തിലും തമിഴ്നാട്ടിലുമൊഴികെ മിക്ക സംസ്ഥാനങ്ങളിലും പ്രദർശനം തുടങ്ങും. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി 10 ഹോളിവുഡ് സിനിമകളുടെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.

തെലങ്കാനയിൽ 100% കാണികളോടെയാണ് പ്രദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം 50% കാണികളെയാണു പ്രവേശിപ്പിക്കുന്നത്. ഇവയെല്ലാം രണ്ടാം തരംഗത്തിൽ അടിച്ചിട്ടവയാണ്.

കേരളത്തിൽ തിയറ്ററുകൾ എന്നു തുറക്കമെന്നു വ്യക്തമല്ല. ഓഗസ്റ്റ് 12ന് സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നു പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ റിലീസ് ഇനിയും അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ തീരുമാനം വരാനായി കാത്തിരിക്കുകയാണ്. മറ്റൊരു മലയാള സിനിമയും റിലീസ് പ്രഖ്യാപിച്ചിട്ടുമില്ല.

ഹോളിവുഡിലെ ബിഗ്ബജറ്റ് ചിത്രമായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസും മനോജ് നൈറ്റ് ശ്യാമളന്റെ ഓൾഡും ഓസ്കർ നോമിനേഷൻ കിട്ടിയ പ്രോമിസിങ് യങ് വുമണു രണ്ടു മാസത്തിനകം റിലീസ് ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap