സിലിക്ക് ബോധം പോയത് ജോളി വെള്ളം നല്കിയ ശേഷം

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴിയുമായി സിലിയുടെ മകന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ശനിയാഴ്ച നല്‍കിയ മൊഴിയിലാണ് സിലിയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാവാമെന്ന സംശയം പതിനാറുകാരന്‍ പ്രകടിപ്പിച്ചത്. 2016 ജനുവരി 11-ന് സിലി മരിച്ച ദിവസം പത്താംക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകന്‍ അവര്‍ക്കൊപ്പം എല്ലാറ്റിനും സാക്ഷിയായി ഉണ്ടായിരുന്നു.

താമരശ്ശേരി പാരിഷ് ഹാളില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം സമീപത്തെ സ്വകാര്യ ദന്താശുപത്രിയില്‍ പിതാവ് ഷാജുവിന്റെ പല്ല് കാണിക്കാന്‍ പോയതായി കുട്ടി മൊഴിനല്‍കി.

”അന്ന് അച്ഛനും തനിക്കുമൊപ്പം മാതാവ് സിലി, ജോളി, ജോളിയുടെ ഇളയ മകന്‍ റൊണാള്‍ഡോ എന്നിവരാണ് ആശുപത്രിയിലെത്തിയത്. അവിടെയെത്തിയപ്പോള്‍ ഒരു ചെറിയ അസ്വസ്ഥത സിലി പ്രകടിപ്പിച്ചു. അപ്പോള്‍ ബാഗില്‍ സൂക്ഷിച്ച കുപ്പിയിലെ കുടിവെള്ളം ജോളി സിലിയുടെ വായില്‍ പകര്‍ന്ന് നല്‍കി. രണ്ട് കുപ്പികളുണ്ടായിരുന്നതില്‍ പ്രത്യേകം സൂക്ഷിച്ച ചെറിയ കുപ്പിയില്‍ നിന്നാണ് വെള്ളമെടുത്തത്. വെള്ളം കുടിച്ചപാടെ സിലിയുടെ ബോധം മറഞ്ഞുതുടങ്ങി. അപസ്മാരത്തിനുള്ളതെന്ന് പറഞ്ഞ് ഒരു ഗുളികകൂടി ജോളി സിലിക്ക് നല്‍കി. തുടര്‍ന്ന് സിലി ജോളിയുടെ മടിയിലേക്ക് ചായുകയായിരുന്നു”. എന്നിങ്ങനെയാണ് സിലിയുടെ മരണദിവസം നടന്ന സംഭവത്തെക്കുറിച്ച് വടകര കോസ്റ്റല്‍ സി.ഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തോട് സിലിയുടെ മകന്‍ വെളിപ്പെടുത്തിയത്.

തന്റെ ഇളയ സഹോദരി ആല്‍ഫൈന്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ദിവസം അവള്‍ക്ക് നല്‍കാന്‍ ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ ജോളി ഇറച്ചിക്കറിയില്‍ മുക്കി ബ്രെഡ് ഏല്‍പ്പിച്ച് കൊടുക്കുന്നത് കണ്ടെന്നും കുട്ടി മൊഴിനല്‍കി.

ജോളിയുടെ ഭാഗത്തുനിന്ന് തനിക്ക് മാനസികമായും ശാരീരികമായും ഉപദ്രവം നേരിട്ടതായി പതിനാറുകാരന്‍ അന്വേഷണസംഘത്തെ അറിയിച്ചു. ജോളി ഒരു അപരിചിതനോടെന്നപോലെ തന്നോടു പെരുമാറി രണ്ടാനമ്മയുടെ തരംതിരിവ് കാണിച്ചിരുന്നു. സിലിയുടെ മരണശേഷം പൊന്നാമറ്റത്തെ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ജോളിയുടെ സമീപനം സൂചിപ്പിച്ചിട്ടും പിതാവ് ഷാജുവിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് പുലിക്കയത്തെ വീട്ടിലേക്ക് സ്വമനസ്സാലെ മടങ്ങി. കൊലപാതക പരമ്പരയുടെ വിവരമറിഞ്ഞതിനു ശേഷം സിലിയുടെ ബന്ധുവായ സേവ്യര്‍മാഷിന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നെന്നും കുട്ടി മൊഴി നല്‍കി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap