സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ലില്ലി തോമസ് അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് സംവിധാനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയ ആദ്യ വ്യക്തിയാണ്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി ലില്ലി തോമസിന്റെ ഹർജിയിലായിരുന്നു.
വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടിയും തെരഞ്ഞെടുപ്പ് അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയായ ലില്ലി തോമസ് തിരുവനന്തപുരത്താണ് വളർന്നത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം 1995 ൽ മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി.
ഇന്ത്യയിൽ എൽഎൽഎം നേടുന്ന ആദ്യ വനിതയാണ് ലില്ലി തോമസ്. 1960 ൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ലില്ലി തോമസ് സുപ്രീം കോടതിയിലേക്ക് പ്രവർത്തനമണ്ഡലം മാറ്റുകയായിരുന്നു. അവിവാഹിതയാണ്. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധി ഉടൻ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് അവസാനമായി ലില്ലി തോമസ് കോടതിയിൽ ഹാജരായത്. സംസ്കാരം ഡൽഹിയിൽ നടക്കും.
.