സുരേന്ദ്രനെ ഒഴിവാക്കി കൃഷ്ണദാസും സംഘവും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നർകോട്ടിക് ജിഹാദെന്ന വിവാദ പരാമർശത്തിന് പിന്തുണയുമായി ബി.ജെ.പി ഔദ്യോഗികമായി രംഗത്തെത്തിയെങ്കിലും ഈ നീക്കത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോട്ടയത്തുണ്ടായിട്ടും സുരേന്ദ്രനെ കടത്തിവെട്ടിയാണ് കൃഷ്ണദാസ്‌ പക്ഷം പാലായിലെത്തി ബിഷപ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയത്.

സുരേന്ദ്രനെ ഒഴിവാക്കിയുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ സന്ദർശനത്തിൽ ബിജെപിയിൽ അതൃപ്തി പുകയുന്നുണ്ട്. ബിഷപ്പിന് അനുകൂലമായി കെ സുരേന്ദ്രൻ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയെങ്കിലും ബിജെപി നേതാക്കൾ ആരും ബിഷപ്പ് ഹൗസിൽ പോയി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. തൊട്ടടുത്ത സമയം തന്നെയായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി പിരിഞ്ഞത്.  

പാലാ ബിഷപ്പിന്‍റെ നർകോട്ടിക് പരാമർശത്തിന് പിന്നാലെയുണ്ടായ മുസ്ലീം മഹല്ല് കോഓർഡിനേഷൻ കമ്മിറ്റിയുടെയും പിഡിപിയുടെയും പ്രതിഷേധത്തിന് പിന്നാലെ തന്നെ ബിജെപി പരസ്യമായി ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം ബിഷപ്പ് ഹൗസിനു മുൻപിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു, മുൻ അധ്യക്ഷൻ എൻ.ഹരി അടക്കമുള്ള ബിജെപി നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്‌ കുര്യൻ ബിഷപ്പിന് സംരക്ഷണം നൽകണമെന്നവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തും അയച്ചു. അതിനു പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയത്. ബിജെപി നേതാക്കൾ ആരും ബിഷപ്പ് ഹൗസിൽ പോയി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ അദ്ദേഹം പാർട്ടിനിലപാടറിയിച്ചത്. 

എന്നാൽ സുരേന്ദ്രൻ ഇത് പറഞ്ഞു തൊട്ടടുത്ത സമയം തന്നെ ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും പാലായിൽ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ബിജെപി കോർ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സന്ദർശനമെന്നും ബിഷപ്പിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും പി.കെ കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രൻ കോട്ടയത്തുണ്ടായിട്ടും അദ്ദേഹത്തെയും ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെയും ജില്ലാ ജനറല്‍ സെക്രട്ടറി ലിജിൻ ലാലിനെയും ഒഴിവാക്കി കൃഷ്ണദാസ് അനുയായിയായ കോട്ടയം മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിക്കൊപ്പമാണ് കൃഷ്ണദാസും എ.എൻ രാധാകൃഷ്ണനും ബിഷപ്പ് ഹൗസിലെത്തിയത്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയുണ്ടായിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ ഇടപെടുത്തി വിഷയത്തിൽ കൂടുതൽ സജീവമാകാനുള്ള ബിജെപിയുടെ നീക്കത്തിനിടയിലാണ് ഈ കല്ലുകടി.

Share via
Copy link
Powered by Social Snap