സുശാന്തിന്റെ മരണം, ലഹരിക്കേസ്: ദീപിക പദുക്കോൺ അടക്കം നാല് പേരെ ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോൺ അടക്കമുള്ള നാല് അഭിനേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അഭിനേതാക്കളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

മയക്കുമരുന്നും സിനിമാമേഖലയും തമ്മിലുള്ള ബന്ധം സംബന്ധിച്ച്, സിനിമാലോകത്തെ ഉന്നതരായ അഭിനേതാക്കളിലേക്ക്, അന്വേഷണം നീങ്ങുകയാണ്. നിർണായകമായ നീക്കമാണ് എൻസിബി നടത്തുന്നത്. ദീപിക പദുക്കോണിന്‍റെ മാനേജർ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. റിയ ചക്രബർത്തിയുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മയക്കുമരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരിഷ്മ പ്രകാശ് റിയ ചക്രബർത്തിയുമായി സംസാരിച്ചതിന് തെളിവുണ്ടെന്നാണ് എൻസിബി പറയുന്നത്.

ഡി, കെ എന്നിങ്ങനെ പേര് സേവ് ചെയ്ത രണ്ട് പേരുമായി മയക്കുമരുന്ന് വാങ്ങുന്നത് സംബന്ധിച്ച് റിയയും കരിഷ്മയും തമ്മിൽ സംസാരിച്ചുവെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു. ശ്രദ്ധയുടെയും സാറാ അലി ഖാന്‍റെയും രകുൽ പ്രീത് സിംഗിന്‍റെയും പേരുകൾ റിയയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചതാണെന്നാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പറയുന്നത്. മുംബൈയിൽ മയക്കുമരുന്ന് സുശാന്തിന് എത്തിച്ചുനൽകിയെന്ന കേസിൽ റിയ ചക്രബർത്തി നിലവിൽ അറസ്റ്റിലാണ്. ഒക്ടോബർ ആറാം തീയതി വരെ റിയയെയും സഹോദരൻ ഷൗവിക് ചക്രബർത്തിയെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്ന് റിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നുവെങ്കിലും മുംബൈയിൽ കനത്ത മഴയായതിനാൽ ഇന്നത്തെ ഹിയറിംഗ് മാറ്റി വയ്ക്കുകയായിരുന്നു. 

Share via
Copy link
Powered by Social Snap