സെബിയുടെ ഉത്തരവ് മറച്ചു വച്ചു”; ഇ – മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രി കബളിപ്പിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതിയിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിടാതെ പ്രതിപക്ഷ നേതാവ്.  അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന പേരിലാണ് അന്താരാഷ്ട്ര കന്പനി ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പിനിയുടെ വക്താവായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും കരാര്‍ നടപടികളിൽ ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങളും പ്രതിപക്ഷനേതാവ് ഉന്നയിച്ചു . സ്വിസ് കമ്പനിക്ക്  51 ശതമാനം ഓഹരി നൽകിയുള്ള സംയുക്തസംരംഭത്തിന്  മുഖ്യമന്ത്രി നീക്കം നടത്തിയതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം പൂര്‍ണ്ണമായും തള്ളിയ ചെന്നിത്തല ഹെസ് എന്ന സ്വിസ് കമ്പിനിക്ക് ടെണ്ടർ വിളിക്കാതെ പദ്ധതി നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം എന്ന് ആരോപിച്ചു. ഇതിനായി കേരള ഓട്ടോമൊബൈലുമായി സംയുക്തസംരംഭമുണ്ടാക്കി. സ്വിസ് കമ്പനിക്ക് 51 ശതമാനം  ഓഹരി നിശ്ചയിച്ചുള്ള സംരംഭത്തെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും എതിർത്തു. ഇത് മറി കടക്കാനാണ്  പ്രൈസ് വാർട്ട ഹൗസ് കൂപ്പറിനെ കൺസെൽന്റായി നിയമിച്ചതെന്നാണ് ആക്ഷേപം.

ഇലട്രിക്ക് ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയുടെ കണസൾട്ടൻസി കരാർ സെബി നിരോധിച്ച കമ്പിനിക്കാണ് നൽകിയത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പർ വിവിധ പേരുകളിൽ കമ്പിനി രൂപീകരിച്ചു.പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ എന്ന കമ്പിനിയെ നിരോധിക്കാതെ ഇടപാടുകൾ തടയാൻ കഴിയില്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു. സെബി നിരോധിച്ച കമ്പിനി തന്നെയാണ് പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം എംപാനല്‍ ചെയ്ത കമ്പനിയുമായി കരാറിന് നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു