സോഷ്യല് മീഡിയയും ആധാറും ബന്ധിപ്പിക്കുമ്പോള്

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും അതോടൊപ്പം ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നതും എന്‍ക്രിപ്ഷന്‍ ചാറ്റിങ് സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ വാദികള്‍ ആരോപിക്കുന്നു.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നടക്കുന്ന കേസുകള്‍ ഒന്നിപ്പിച്ച് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ച സുപ്രീം കോടതി പ്രതികരണമാരാഞ്ഞ് കേന്ദ്രസര്‍ക്കാരിനും, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ് നല്‍കിയിരിക്കുകയാണ്.മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലായി നടക്കുന്ന കേസുകള്‍ സമാനമാണെന്നും അവ ഒന്നിപ്പിച്ച് സുപ്രീംകോടതി വാദം കേള്‍ക്കണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിനോടും ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് പോലുള്ള സ്ഥാപനങ്ങളോടും പ്രതികരണമാരാഞ്ഞ് നോട്ടീസ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ സെപ്റ്റംബര്‍ 13നാണ് ഇനി വാദം കേള്‍ക്കുക. എന്നാല്‍ കേസിലെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു.സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ നിരീക്ഷിക്കുക എന്നതാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അശ്ലീല ഉള്ളടക്കം, ഭീകരവാദം, അപകടകരമായ ഗെയിമുകളുടെ വ്യാപനം തുടങ്ങിയവ ഉയര്‍ത്തിയാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കം. സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണമെന്ന് നയം വരും. അത് സമൂഹത്തില്‍ ശക്തരല്ലാത്ത വിഭാഗങ്ങളെ ബാധിക്കുമെന്നും മീറ്റൂ പ്രസ്ഥാനത്തെയും, സാമൂഹ്യപ്രവര്‍ത്തകര്‍, എല്‍ജിബിടി വിഭാഗം എന്നിവരെയെല്ലാം അത് ബാധിക്കുമെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐഐഎഫ് ) സ്ഥാപകനായ അപാര്‍ ഗുപ്ത പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഈ വിഷയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ്, ടെലിഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയാ സേവനങ്ങളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ പ്രസ്തുത സേവനങ്ങള്‍ ഇതുവരെ തയ്യാറിയിരുന്നില്ല. വ്യാജവാര്‍ത്ത, ഭീകരവാദം, കലാപം തുടങ്ങിയവയുടെ പ്രചാരണം തടയാന്‍ ഉപയോക്താക്കളുടെ ചാറ്റുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യം നിരസിച്ച കമ്പനികള്‍ ഈ പ്രശ്‌നങ്ങള്‍ തടയാനുള്ള ബോധവല്‍കരണ പരിപാടികള്‍ നടത്തുകയും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുകയുമാണുണ്ടായത്. 

1 thought on “സോഷ്യല് മീഡിയയും ആധാറും ബന്ധിപ്പിക്കുമ്പോള്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap