‘സ്കൂട്ടറിലെത്തി, ബൈക്കുമായി കടന്നു’: വീടിന്റെ പോര്ച്ചില് നിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കള് പിടിയില്

കായംകുളം: കായംകുളത്ത് വീടിന്‍റെ പോര്‍ച്ചിലിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കൊല്ലം പഴയാറ്റിൻകുഴി ഫാത്തിമ മൻസിലിൽ മാഹീൻ, പ്രായപൂർത്തിയാകാത്ത ഇയാളുടെ സഹായി എന്നിവരെയാണ് പിടികൂടിയത്. കരീലകുളങ്ങര പുത്തൻറോഡ് ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് ആണ് സ്കൂട്ടറിൽ എത്തിയ പ്രതികള്‍ പൂട്ടു പൊട്ടിച്ച് മോഷ്ടിച്ചത്.

കഴിഞ്ഞ 12 ന് പുലർച്ചെ ഒരു മണിയോടെയാണ് വീടിന്‍റെ പോർച്ചിലിരുന്ന ബൈക്ക് മോഷ്ടാക്കൾ അതിവിദഗ്ദ്ധമായി മോഷ്ടിച്ചത്. കരീലകുളങ്ങര ഇൻസ്പെക്ടർ എസ് എൽ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നൂറിലേറെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊല്ലം ചന്ദനത്തോപ്പ് വഴി പ്രതികൾ സഞ്ചരിച്ചതായി മനസ്സിലാക്കി.  തുടർന്ന് പൊലീസ് സംഘം അവിടെ തന്നെ താമസിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണത്തിനായി പ്രതികൾ രജിസ്ട്രേഷൻ നമ്പർ തിരുത്തി ഉപയോഗിച്ച മാസ്റ്ററോ സ്കൂട്ടർ കണ്ടെത്തി. പിന്നാലെ  ഇടവഴിയിൽ ഒളിപ്പിച്ച് വച്ചിരുന്ന മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. മോഷണത്തിന് മാഹീനെ സഹായിച്ച പ്രായ പൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി

Share via
Copy link
Powered by Social Snap