സ്ത്രീ സുരക്ഷ: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മാർഗനിർദേശം

ന്യൂഡൽഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളെടുക്കണമെന്നു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. സ്ത്രീകൾക്കെതിരായ ആക്രമണം സംബന്ധിച്ച കേസുകളിൽ വേഗത്തിൽ പൊലീസ് ഇടപെടലുകൾ ഉണ്ടാകണമെന്നും ആഭ്യന്തര മന്ത്രാലയം. ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മർദനങ്ങൾക്കുമിടയായി കൊല്ലപ്പെട്ടതിനെത്തുടർന്നു രാജ്യമെങ്ങുമുണ്ടായ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

ഇത്തരം കേസുകളിൽ ക്രിമിനൽ നടപടിച്ചട്ടം 154 (1) പ്രകാരം വോറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനാവും വിധം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പ്രധാന നിർദേശം. കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാവൂ എന്ന് നിർബന്ധം പിടിക്കരുത്. പരാതി ലഭിക്കുന്ന പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതു പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസിനു കൈമാറിയാൽ മതി. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച്ച വരുന്നു ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 എ(സി) വകുപ്പ് കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരേ എടുക്കേണ്ട നടപടികൾ വിശദീകരിക്കുന്നുണ്ട്. ഇതു പ്രകാരം വേണം നടപടിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മൂന്നു പേജുള്ള നിർദേശങ്ങളിൽ പറയുന്നു.

Share via
Copy link
Powered by Social Snap