സ്വത്ത് തട്ടിയെടുക്കാന് കൊച്ചുമകനും ഭാര്യയും ചേർന്ന് പീഡിപ്പിക്കുന്നതായി വയോധികയുടെ പരാതി

അമ്പലപ്പുഴ: സ്വത്ത് തട്ടിയെടുക്കാൻ കൊച്ചുമകനും ഭാര്യയും ചേർന്ന് ശാരീരികമായി പീഡിപ്പിക്കുന്നതായി വയോധികയുടെ പരാതി. തോട്ടപ്പള്ളി പഴയ ചിറ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജിനി (89) യാണ് അമ്പലപ്പുഴ കോടതിയെ സമീപിച്ചത്. ആറു വർഷം മുമ്പാണ് സരോജിനിയുടെ ഭര്‍ത്താവ് ജനാർദ്ദനൻ മരിച്ചത്. 

ജനാർദ്ദനന്റെ പേരിൽ പട്ടയം ലഭിച്ച് ഉടമസ്ഥവകാശമുള്ള 29 സെന്റ് സ്ഥലത്തിലെ ചെറിയ വീട്ടിൽ വിധവയായ മകൾ നിർമ്മലക്കൊപ്പമാണ് സരോജിനി കഴിഞ്ഞിരുന്നത്. ലൈഫ് പദ്ധതിയിൽ നിർമ്മലയ്ക്ക് വീട് അനുവദിച്ചതോടെ ഇതിൽ 3 സെന്റ് സ്ഥലം വിട്ടു നൽകി വീടുപണി പൂർത്തിയാക്കി നിർമ്മലയും മകനും ഭാര്യയും സമീപത്തു താമസമാരംഭിച്ചു. 

ഈ ഘട്ടത്തിലാണ് തനിച്ചു കഴിയുന്ന മുത്തശ്ശിയെ സംരക്ഷിക്കാമെന്ന ഉറപ്പിൽ സരോജിനിയുടെ മൂത്ത മകൻ സോമന്‍റെ മകൻ രഞ്ജുവും ഭാര്യയെയും ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഇതിനിടെ കാഴ്ചക്കുറവും, എഴുത്തും വായനും വശമില്ലാത്ത സരോജിനിയുടെ ചികിത്സാർത്ഥം തോട്ടപ്പള്ളി സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 500 രൂപ പിൻവലിക്കാൻ സരോജിനി നിർദ്ദേശിച്ചു. 

ഇവരുമായി ബാങ്കിലെത്തിയ രഞ്ജുവും പ്രിയയും ചേർന്ന് 40,000 രൂപ പിൻവലിച്ചതായി പിന്നീട് കണ്ടെത്തി. ഇതിനെക്കുറിച്ച് ചോദിച്ചതോടെ ഇരുവരും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സരോജിനി പരാതിയിൽ പറഞ്ഞു. ഇതിനിടെ സരോജിനിയുടെ റേഷൻ കാർഡും ഇവർ കൈക്കലാക്കി. 

പീഡനം നിരന്തരം തുടർന്നതോടെ ഇവർ ജില്ലാ കളക്ടർക്കും, അമ്പലപ്പുഴ സിഐക്കും പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടന്നു കണ്ട് പൊലീസ് കേസെടുത്തപ്പോൾ, വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമം നടത്തുന്നെന്നും ആത്മഹത്യ ചെയ്യുമെന്നും നവ മാധ്യമങ്ങൾ വഴി ഇരുവരും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

Share via
Copy link
Powered by Social Snap