സ്വപ്നയും സന്ദീപും ഒരാഴ്ച കസ്റ്റഡിയിൽ; യുഎഇയിൽ വ്യാജരേഖയുണ്ടാക്കിയെന്ന് എൻഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങി. കൊടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചയാണ് എൻഐഎ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടത്. ദേശീയ അന്വേഷണ ഏജൻസി ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. നിര്‍ണ്ണായക മൊഴികളും തെളിവുകളുമാണ് എൻഐഎ പ്രതീക്ഷിക്കുന്നത്. 

കസ്റ്റഡി അപേക്ഷയിൽ നിര്‍ണായക വെളിപ്പെടുത്തലാണ് എൻഐഎ കോടതിയിൽ നടത്തിയത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ അന്വേഷണം നടക്കുക. യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 

ജ്വല്ലറി ആവശ്യത്തിനല്ല സ്വർണം കടത്തിയതെന്ന് പറയുന്ന എൻഐഎ ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പറയുന്നു. ബെംഗലൂരുവിൽ നിന്ന് പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ കൈവശമുണ്ടായിരുന്ന ബാഗ് കോടതിയിൽ ഹാജരാക്കി. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. 

അതിനിടെ ദേശീയ അന്വേഷണ ഏജൻസി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിഎസ് സരിത്ത് ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമായ കേസിൽ മൂന്നാം പ്രതി ഫൈസൽ ഫരിദ് ആണെന്നാണ് എൻഐഎ പറയുന്നത്. കൊച്ചി സ്വദേശി ഫാസിൽ ഫരിദ് എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് തൃശ്ശൂര്‍ സ്വദേശി ഫൈസൽ ഫരീദ് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിട്ടുണ്ട്.  ഫൈസൽ ഫരീദിന് വാറണ്ട് പുറപ്പെടുവിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. 

ഫാസിൽ ഫരീദ് , തൈപ്പറമ്പിൽ വീട് ,പുത്തൻള്ളി തൃശ്ശൂര്‍ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. 

Share via
Copy link
Powered by Social Snap