സ്വരമാധുരിയിൽ പിറന്ന പാട്ട് നാലു പതിറ്റാണ്ടുകൾക്കിപ്പുറവും ഹിറ്റായി തന്നെ നിലനിൽക്കുന്നു.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തുള്ള ലോഡ്ജിൽ കടലാസും പേനയുമായിരിക്കുകയാണു കവി. രാത്രി ഏറെ വൈകിയിട്ടും പാട്ടു വരുന്നില്ല. അൽപ്പനേരം ഉറങ്ങിയിട്ട് പുലർകാലത്ത് പാട്ടെഴുതാമെന്നു വച്ചാൽ ചെവിക്കു ചുറ്റും മൂളിപ്പറക്കുന്ന കൊതുക് സമ്മതിക്കുന്നില്ല. കൊച്ചിയിലെ കൊതുകുകളെക്കുറിച്ചു പ്രത്യേകം പറയേണ്ടല്ലോ. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ആ രാത്രിയിലെപ്പോഴോ ആണ് കൊതുകിനെക്കുറിച്ചു തന്നെ പാട്ടെഴുതാമെന്നു കവി തീരുമാനിച്ചത്. കൊതുകിന്‍റെ മൂളൽ അതോടെ സംഗീതമായി. അതിൽ രാഗതാളഭാവങ്ങളുണർന്നു. “ഒറ്റക്കമ്പി നാദം മാത്രം’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നിന്‍റെ പിറവിയെക്കുറിച്ചു ബിച്ചു തിരുമല തന്നെയാണ് പിന്നീട് പറയുകയും എഴുതുകയും ചെയ്തത്.

1981ൽ തേനും വയമ്പും എന്ന ചിത്രത്തിനുവേണ്ടി കുറിച്ചതായിരുന്നു ആ വരികൾ. രവീന്ദ്രന്‍റെ സംഗീതത്തിൽ യേശുദാസിന്‍റെ സ്വരമാധുരിയിൽ പിറന്ന പാട്ട് നാലു പതിറ്റാണ്ടുകൾക്കിപ്പുറവും ഹിറ്റായി തന്നെ നിലനിൽക്കുന്നു. ഉറക്കംതടസപ്പെടുത്തിയ ശല്യക്കാരൻ കൊതുകിനെക്കുറിച്ചെഴുതിയ പിന്നീട് രാത്രി ഉറങ്ങാൻ നേരമുള്ള ഇഷ്ടഗാനമായി മാറിയെന്നതിലാണു ബിച്ചു തിരുമലയെന്ന കവിയുടെ കൈയടക്കം. തേനും വയമ്പുമെന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു.

1972ൽ ഭജഗോവിന്ദമെന്ന പുറത്തുവരാത്ത ചിത്രത്തിലൂടെ സിനിമയിലെത്തിയ ബിച്ചു തിരുമല അഞ്ചു പതിറ്റാണ്ടിനിടെ സമ്മാനിച്ചത് മൂവായിരത്തിലേറെ ഗാനങ്ങളാണ്. സിനിമയ്ക്കൊപ്പം തന്നെ ലളിതഗാനമേഖലയിലും ഭക്തിഗാനശാഖയിലുമെല്ലാം തിളങ്ങി അദ്ദേഹം. ജയവിജയന്മാർക്കൊപ്പം സിനിമയിലെത്തിയ ബിച്ചു നാലു വർഷം വിജയന്‍റെ മകൻ മഞ്ജു ജയവിജയയ്ക്കുവേണ്ടിയും പാട്ടെഴുതി.  ദേവരാജനും ദക്ഷിണാമൂർത്തിയുമടക്കമുള്ള  വേണ്ടി എഴുതിത്തുടങ്ങിയ അദ്ദേഹം ഏറ്റവും പുതിയ തലമുറയിലെ സംഗീതസംവിധായകരോടൊപ്പവും സമാന മനസോടെ പ്രവർത്തിച്ചു. ഹാസ്യവും വിരഹവും ഭക്തിയും പ്രേമവുമെല്ലാം ഒരുപോലെ പിറന്ന തൂലികയായിരുന്നു ബിച്ചുവിന്‍റേത്. യോദ്ധയിലെ പടകാളി ചണ്ഡി എന്ന തമാശരംഗത്തിനെഴുതിയ ഗാനം പോലും രംഗവേദിയായ ക്ഷേത്രത്തെയും ദേവിയെയും മനസിൽ കണ്ടെഴുതിയതാണെന്ന് അദ്ദേഹം പിന്നീടു പലവട്ടം പറഞ്ഞിട്ടുണ്ട്.

1978ൽ വെല്ലുവിളി എന്ന ചിത്രത്തിൽ എം.എസ്. വിശ്വനാഥന്‍റെ സംഗീതത്തിൽ പിറന്ന “കട്ടുറുമ്പേ നാടോടി, നെയ്യുറുമ്പേ വായാടി’ എന്ന ഗാനമോർക്കുക. നാടോടിപ്പാട്ടുപോലെ മധുരതരമായ ഗാനത്തിൽ ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലത്തോളം, തേരാ പാരാ തെണ്ടി നടക്കും തുടങ്ങിയ നാടൻ പ്രയോഗങ്ങളിലാണ് നായകൻ നായികയെ പ്രകോപിപ്പിക്കുന്നത്. 1978ൽ പുറത്തിറങ്ങിയ നാലുമണിപ്പൂക്കൾ എന്ന ചിത്രത്തിലേ അമ്പമ്പോ, ജീവിക്കാൻ വയ്യേ എന്ന ഗാനവും സമാനമാണ്.

ഇതേ ബിച്ചു തിരുമല തന്നെയാണ് ഉത്രാടരാത്രിയെന്ന ചിത്രത്തിലൂടെ “ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ സൂര്യനെ ചുറ്റുമ്പോൾ, ഭൂഹൃദയത്തിൻ സ്പന്ദനതാളം പ്രാർഥന ചൊല്ലുന്നു’ എന്നും “യാമശംഖൊലി വാനിലുയർന്നു, സോമശേഖര ബിംബമുയർന്നു’ എന്നും എഴുതിയത്. മനുഷ്യഹൃദയത്തെ കാനനക്ഷേത്രമായി കൽപ്പിച്ചെഴുതിയ ഹൃദയം ദേവാലയമെന്ന ഗാനവും ചിരിയോ ചിരിയിലെ സമയരഥങ്ങളിൽ ഞങ്ങൾ എന്ന ഗാനവുമൊക്കെ ബിച്ചുവിന്‍റെ ഹൃദയത്തിലെ ആത്മീയതലത്തിന് ഉദാഹരണം.

തന്‍റെ ചിത്രങ്ങളുടെ പേരുകൾ ഗാനങ്ങളിലുൾപ്പെടുത്തുന്നതിലും മറ്റാരെക്കാളും ശ്രദ്ധചെലുത്തിയിരുന്നു ബിച്ചു. “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചമ്പക്കുളം തച്ചൻ, അവളുടെ രാവുകൾ, അനിയത്തിപ്രാവ്, ഹൃദയം ദേവാലയം, തേനും വയമ്പും, ഉണ്ണികളെ ഒരു കഥപറയാം, ഒരു തിര പിന്നെയും തിര, മണിച്ചിത്രത്താഴ്, കളിപ്പാട്ടം, പ്രായിക്കര പാപ്പാൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം പാട്ടുകളിൽ ചിത്രത്തിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് ബിച്ചു. “ആരതി കഴിഞ്ഞു, ആൽത്തറയൊഴിഞ്ഞു, ആളുകൾ വേർപിരിഞ്ഞു’ എന്ന വരികൾപോലെ നിശബ്ദനായി ബിച്ചു തിരുമല വിടവാങ്ങുമ്പോഴും ആലിലദീപങ്ങളെപ്പോലെ തെളിഞ്ഞു നിൽക്കുകയാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങൾ, തിളക്കം തെല്ലും കുറയാതെ….

Share via
Copy link
Powered by Social Snap