സ്വര്ണക്കടത്തിന് തീവ്രവാദ ബന്ധം; അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ടുപേര് പിടിയില്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കൂടുതൽ അറസ്റ്റ്. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിൽ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.

സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.

തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ വിലയിരുത്തൽ. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്. കേസിന്റെ തുടരന്വേഷണത്തിൽ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

Share via
Copy link
Powered by Social Snap