സ്വര്ണമെല്ലാം പണയംവെച്ച് 80 കോടി വാങ്ങി; മക്കളെ വിദേശത്തേക്ക് കടത്താന് ശ്രമിച്ചത് വ്യക്തമായ ആസൂത്രണം

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ. 2014 മുതൽ പോപ്പുലർ ഫിനാൻസിന് നിക്ഷേപം സ്വീകരിക്കാൻ നിയമപരമായി അനുമതിയുണ്ടായിരുന്നില്ല. ഇത് മറച്ചുവെച്ചാണ് കമ്പനി ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത്.
2014-ൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പോപ്പുലർ ഫിനാൻസിന് നിയമപരമായ തടസങ്ങളുണ്ടായത്. എന്നാൽ ഈ കേസിൽ ഹൈക്കോടതിയെ സമീപിച്ച് ഉടമകൾ തുടർനടപടികൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
തോമസ് ഡാനിയേലിന്റെ മക്കളുടെ പേരിലാണ് 21 എൽ.എൽ.പി. കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നത്. സംഭാവനകളെന്ന പേരിലാണ് എൽ.എൽ.പി. കമ്പനികളിൽ സമീപകാലത്ത് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ഇതിനിടെ എൽ.എൽ.പികൾ നഷ്ടത്തിലാണെന്ന് വരുത്തിതീർക്കുകയും രണ്ടാഴ്ച മുമ്പ് ഉടമസ്ഥാവകാശം തോമസ് ഡാനിയേലിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
പോപ്പുലർ ഫിനാൻസിന്റെ വിവിധ ബ്രാഞ്ചുകളിൽ ഇടപാടുകാർ ഈടായി നൽകിയ സ്വർണം കമ്പനി മറ്റു ബാങ്കുകളിൽ പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ സ്വർണം പണയംവെച്ച് ഏകദേശം 80 കോടി രൂപയാണ് ഉടമകൾ വാങ്ങിയത്. എന്നാൽ തോമസ് ഡാനിയേലിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏതാനും ലക്ഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
തോമസ് ഡാനിയേലിന്റെ മക്കളായ റിനു, റിയ എന്നിവർ ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. കമ്പനിക്കെതിരേ പരാതികൾ വന്നതോടെ മുൻ ഉടമകൾ വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞ് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. അതേസമയം, ഓസ്ട്രേലിയയ്ക്ക് പുറമേ ദുബായിലും തോമസ് ഡാനിയേലും കുടുംബവും വൻ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.