സ്വര്ണ്ണക്കടത്ത് കേസ്: തെറ്റിയ പേര് തിരുത്തി എൻഐഎ, ഫൈസൽ ഫരീദ് മൂന്നാംപ്രതി, രാജ്യത്തെത്തിക്കാൻ ശ്രമം

കൊച്ചി: യുഎഇയിൽ നിന്ന് നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണ്ണം കടത്തിയ കേസിൽ മൂന്നാം പ്രതി തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദ് എന്ന് എൻഐഎ. എഫ്ഐആറിൽ  പേരും മേൽവിലാസവും തെറ്റായി നൽകിയത് തിരുത്തണമെന്ന എൻഐഎ അപേക്ഷ കോടതി അംഗീകരിച്ചു. ഫൈസൽ ഫരീദിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എൻഐഎ തുടങ്ങി.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തിൽ സ്വർണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസിൽ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എൻഐഎയും നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ അടക്കം സമർപ്പിച്ച റിപ്പോർട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസിൽ ഫരീദിനെ മൂന്നാം പ്രതിയാക്കി എൻഐഎ എഫ്ഐആറും റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ വിലാസം തെറ്റിയെന്ന് എൻഐഎയ്ക്ക് ബോധ്യമായി. ഈ സാഹചര്യചര്യത്തിലാണ് എഫ്ഐആറിലെ മേൽവിലാസവും പേരും തിരുത്തണമെന്ന ആവശ്യവുമായി എൻഐഎ വീണ്ടും പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. 

തൃശ്ശൂർ കൈപ്പമംഗലം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഫരീദ് ആണ് പിടിയിലാകാനുള്ള പ്രതിയെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. നയതന്ത്ര പരിരക്ഷയോടെ സ്വർണ്ണമടക്കമുള്ള ബാഗ് അയക്കാൻ വ്യാജ രേഖ നിർമ്മിച്ചതിൽ അടക്കം ഇയാളുടെ പങ്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സ്വർണ്ണക്കടത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പോലും വഷളാക്കുന്നനിലയിലേക്ക് എത്തിച്ചെന്നും എൻഐഎ അറിയിച്ചു. പ്രതിയെ ഉടൻ ചോദ്യം ചെയ്യാൻ ഇന്ത്യയിൽ എത്തിക്കേണ്ടതുണ്ട്. അതിനാൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന അപേക്ഷയും കോടതിയിൽ സമർപ്പിച്ചു. 

കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്‍റർപോൾ പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറും. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വ‍ർണ്ണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എൻഐഎ. 

You may have missed

Share via
Copy link
Powered by Social Snap