സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമെന്ന് എൻഐഎ

കൊച്ചി: വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരിച്ച എൻഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം ഇന്നും കോടതി ഉന്നയിച്ചു.

“കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകൾ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,”- എൻഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീൻ എന്നിവർ  താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു.  പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എൻഐഎ വാദിച്ചു.

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്. ഇയാൾ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ കമാൻഡിനെ തുടർന്നാണ്. പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ കോടതിയോട് പറഞ്ഞു.

Share via
Copy link
Powered by Social Snap