സ്വർണ്ണക്കടത്ത് സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ കേന്ദ്രമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമാണ്. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണക്കടത്തുമായി ഒരു മുഖ്യമന്ത്രിക്ക് ബന്ധമുണ്ടാകുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല. നയന്തന്ത്ര ചാനൽ ഉപയോഗപ്പെടുത്തി കോടികളുടെ അഴിമതി നടന്നത് അതീവ ഗൗരവമായ വിഷയം. സ്വപ്നക്ക് ഐടി വകുപ്പിൽ ജോലി കിട്ടി. ഐ ടി സെക്രട്ടറിക്ക് എന്താണ് ഇതിൽ ഉത്തരവാദിത്വം? സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട രണ്ടാമത്തെയാൾ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ആർക്കാണ് കള്ളക്കടത്തുകാരുമായി ബന്ധമുള്ളത്? സിബിഐ അന്വേഷണം വേണം. അന്താരാഷ്ട്ര തലത്തിൽ പ്രത്യാഘാതം ഉണ്ടാക്കാവുന്ന സംഭവമാണ്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണം. പിഡബ്ല്യുസിക്ക് ഇതിൽ എന്താണ് ബന്ധം? ഗൂഢസംഘങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Share via
Copy link
Powered by Social Snap