സൗദിയില് നിന്നെത്തി മണിക്കൂറുകള്ക്കുള്ളില് കുഞ്ഞിന് ജൻമം നല്കി പാലക്കാട് സ്വദേശിനി

തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജൻമം നല്‍കി. സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവിധ സുരക്ഷാമുന്‍കരുതലോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാലക്കാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു 28-കാരിയായ റീനയുടെ കടിഞ്ഞൂല്‍ പ്രസവം. സൗദിയില്‍ നഴ്സായി ജോലി ചെയ്യുന്ന റീന കേന്ദ്രസര്‍ക്കാരിന്‍റെ വന്ദേഭാരത് പദ്ധതി പ്രകാരം രാത്രി 10.30 ഓടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭര്‍ത്താവ് തോംസണ്‍ നാട്ടിലായിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് വെളുപ്പിന് 3 മണിയോടെ പാലക്കാട്ടെ വീട്ടിലെത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലാ റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജയന്തി ടി കെ യുടെ നിര്‍ദ്ദേശപ്രകാരം റീനയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഡോ. സോനയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി അവരുടെ സ്രവം ശേഖരിക്കുകയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് റീനയെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖപ്രസവത്തിനായി കാത്തെങ്കിലും രാവിലെ 11.53 ന് സിസേറിയനിലൂടെ 2.9 കിലോ ഭാരമുള്ള ആണ്‍കുഞ്ഞിനെ പുറത്തെടുത്തു. മേയ് 22-നായിരുന്നു റീനയ്ക്ക് പ്രസവദിനമെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച സിസേറിയന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. സിന്ധു, അനസ്തീഷിസ്റ്റ് ഡോ. പ്രശാന്ത് നായര്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു,

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap