സർക്കാർ അം​ഗീകൃത സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനവില്ല: കെആർഎസ്എംഎ

തിരുവനന്തപുരം:കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക മേഖല ​ഗുരുതരമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ അം​ഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനവില്ല. സ്കൂളുകൾ പ്രതിസന്ധിയിലാണെങ്കിലും രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്താണ് അം​ഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഇത്തരം ഒരു തീരുമാനം എടുത്തത്. കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ പാഠ്യരീതിയിലും പശ്ചാത്തല സൗകര്യത്തിലും വരുത്തുമെങ്കിലും അതിനാവശ്യമായ ഫണ്ട് മാനേജ്മെന്റ് കണ്ടെത്തും.

സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോവിഡ് പ്രതിരോധത്തിൽ സസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അം​ഗീകൃത സ്കൂളുകൾ മുന്നോട്ട് പോകുന്നത്. സർക്കാർ നിർദ്ദേശം ഇല്ലെങ്കിൽ കൂടി ഫീസ് വർധവന് ഈ വർഷം വേണ്ടെന്ന് അം​ഗീകൃത സ്കൂൾ മാനേജ്മെന്റുകളുടെ ഏക സംഘടനയായ കെആർഎസ്എംഎ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്താകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി രക്ഷകർത്താക്കളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവിനെ തുടർന്നാണ് തീരുമാനം. പഠന ചിലവ് കുറയ്ക്കുന്നതിനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു.

സംസ്ഥാനത്തെ 1137 അം​ഗീകൃത അൺ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ ഏക സംഘടനയായ കേരള അം​ഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷനാണ് (കെആർഎസ്എംഎ) ഇക്കാര്യം വ്യക്തമാക്കിയത്. അസോസിയേഷന് കീഴിലെ മുഴുവൻ സ്‌കൂളുകളിലും തീരുമാനം നടപ്പാക്കുമെന്നും അവർ അറിയിച്ചു. കുട്ടികൾക്ക് പുതിയ യൂണിഫോമും പാഠപുസ്തകങ്ങളും നിർബന്ധമാക്കില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ്19നെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തെ അം​ഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ സർക്കാരിന് എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്തിരുന്നു. നിരവധി അൺഎയ്ഡഡ് സ്കൂളുകൾ നിരീക്ഷണ കേന്ദ്രങ്ങൾക്കായി വിട്ടുനൽകി. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങളിലും സംഘടന സജീവമായി സഹായ സഹകരണങ്ങൾ നൽകുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി

Share via
Copy link
Powered by Social Snap