ഹാഥ്റസ് കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: ഹാഥ്റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം അറിയിക്കും. കൂടാതെ യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനമുണ്ടാകും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു.

സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ​ സിബിഐ സ്ഥലം സന്ദർശിക്കുകയും യുവതിയുടെ കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിച്ച സ്ഥലവും സിബിഐ സംഘം സന്ദർശിച്ചു. 45 മിനിറ്റോളം സംഭവസ്ഥലത്ത് ചിലവഴിച്ചതായും വീഡിയോ റെക്കോർഡിംഗുകൾ നടത്തിയതായും സിബിഐ സംഘം അറിയിച്ചിരുന്നു. “നിർബന്ധിത ശവസംസ്കാരവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ വിഷയമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

സെപ്റ്റംബർ 14 നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി രണ്ടാഴ്ചയോളം ചികിത്സയിൽ തുടർന്ന ശേഷമാണ് മരിച്ചത്.

പ്രതികളായ സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരുന്നത്. കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാഥ്റസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14 ന് യുവതിയെ സഹോദരനും അമ്മയും മർദ്ദിച്ചതെന്നും അവർ ഹത്രാസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തിൽ ആരോപിക്കുന്നു.

Share via
Copy link
Powered by Social Snap