ഹാഥ്റസ് ബലാത്സംഗകൊലപാതകത്തിൽ എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്ട്ട് നൽകും

ലഖ്നൌ: ഹാഥ്റസ് ബലാത്സംഗ കൊലപാതകത്തിൽ യുപി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് നൽകും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു. എസ്ഐടി സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

ഇതിനിടെ, ഹാഥ്‍റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

ഹാഥ്റസിലെ പത്തൊൻപതുകാരിയുടെ ബലാത്സംഗക്കൊലപാതക കേസിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. സംഭവം ഞെട്ടിച്ചുവെന്ന അഭിപ്രായത്തോടെയായിരുന്നു സുപ്രീംകോടതി കേസ് പരിഗണിച്ചത്. അതതുകൊണ്ടാണ് കേസ് അടിയന്തിരമായി പരിഗണിച്ചതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ വ്യക്തമാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും ഉറപ്പാക്കും. മുതിര്‍ന്ന അഭിഭാഷകന്‍റെ സേവനം ആവശ്യമെങ്കിൽ പേര് നിര്‍ദ്ദേശിച്ചാൽ അതും പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും നൽകുന്ന സുരക്ഷയെ കുറിച്ച് യുപി സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും നൽകുന്ന സുരക്ഷ എന്തൊക്കെ എന്ന് ഒരാഴ്ചക്കുള്ളിൽ വ്യക്തമാക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണമോ, എസ്ഐടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവാമെന്ന നിലപാടാണ് യുപി സര്‍ക്കാര്‍ കോടതിയിൽ കൈക്കൊണ്ടത്.

വലിയ അക്രമങ്ങൾ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത വിശദീകരിച്ചിരുന്നു. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ച കോടതി നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ യു.പി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Share via
Copy link
Powered by Social Snap