ഹൈറേഞ്ചിലും മുന്തിരിവള്ളി 
തളിർക്കുമ്പോൾ

ഹൈറേഞ്ചിലെ കാലാവസ്ഥയിൽ മുന്തിരിവള്ളി തളിർക്കുമോ… കുമളിയിലെ മണ്ണും കാലാവസ്ഥയും മുന്തിരി കൃഷിക്ക് അനുയോജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്‌ റോസ് പാർക്ക് നടത്തിപ്പുകാർ. രണ്ട്‌ പതിറ്റാണ്ട് മുമ്പാണ് കമ്പം, ഗൂഢല്ലൂർ പ്രദേശങ്ങളിൽ മുന്തിരി കൃഷി ആരംഭിച്ചത്. ഹൈറേഞ്ചിലെ ജനങ്ങൾ ഉൾപ്പെടെ അതിനെ അത്ഭുതത്തോടെയാണ് കണ്ടത്. മുന്തിരിത്തോപ്പുകൾ കാണാൻ ദിവസവും ആയിരക്കണക്കിന് പേരും എത്തിക്കൊണ്ടിരുന്നു. 

      അപ്പോഴും ഹൈറേഞ്ചിലെ കാലാവസ്ഥയ്‌ക്ക്‌ മുന്തിരി കൃഷി അനുയോജ്യമല്ലെന്നായിരുന്നു ധാരണ. ആ വിശ്വാസത്തെ തകർത്താണ്‌ റോസ് പാർക്കിൽ മുന്തിരിക്കുലകൾ തളിർത്തുനിൽക്കുന്നത്. മൂന്ന് വര്‍ഷംമുമ്പാണ് തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍ സ്വദേശിയായ പാര്‍ക്കിലെ ജീവനക്കാരന്‍ ഏതാനും മുന്തിരിച്ചെടികൾ പാർക്കിലെത്തിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടത്. ആ തൈകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂത്തുതളിര്‍ത്ത് ബ്രൗണ്‍ നിറത്തിലുള്ള മുന്തിരിക്കുലകളുമായി മനോഹര കാഴ്ചയൊരുക്കിയത്. നട്ടുവച്ച ചെടികള്‍ കാര്യമായി വള്ളി വീശിയതോടെ ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് പന്തല്‍ ഒരുക്കി. 

   ജൈവവളവും പരിപാലനവും കൂടിയായപ്പോൾ മുന്തിരി മനസ്സറിഞ്ഞ്‌ തളിർത്തു. കഴിഞ്ഞ വര്‍ഷവും ഏതാനും മുന്തിരിക്കുലകള്‍ ഉണ്ടായെങ്കിലും പുളി കൂടുതലായിരുന്നു. ഇത്തവണ ചെറിയ മധുരം ഉണ്ടായിരുന്നതായി പാര്‍ക്ക് നടത്തിപ്പുകാര്‍ പറയുന്നു. കഴിഞ്ഞദിവസം വിളവെടുത്ത മുന്തിരി ജീവനക്കാര്‍ക്ക് വീതിച്ചുനല്‍കി. കോവിഡ് നിയന്ത്രണംമൂലം ഒരു വര്‍ഷമായി പാര്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഈ മനോഹരക്കാഴ്ചകള്‍ കാണാനുള്ള ഭാഗ്യം വിനോദസഞ്ചാരികള്‍ക്ക് ഇല്ലാതായി. കുമളിയിൽ മറ്റ്‌ ചിലരും മുന്തിരി പരീക്ഷണം നടത്തിയെങ്കിലും അത് പൂർണ വിജയമായിരുന്നില്ല.

Share via
Copy link
Powered by Social Snap