1 ഓവറിൽ അഞ്ച് സിക്സ്, 31 പന്തിൽ 77; അർജുൻ തെന്ഡുൽക്കർ ‘ചെറിയ പുള്ളിയല്ല’

മുംബൈ∙ ക്രിക്കറ്റിൽ സജീവമായതുമുതൽ ആരാധകർ ഉറ്റുനോക്കുന്ന താരമാണ് സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ. 2021 ഐപിഎൽ ലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിലും താരം ഇടം നേടിയിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ഏതു ടീം സ്വന്തമാക്കുമെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളറായ അർജുന്റെ ബാറ്റിങ് മികവിനെക്കുറിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഒരു ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് അർജുൻ ബാറ്റിങ് മികവ് തെളിയിച്ചത്. ലീഗിൽ എംഐജി ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. ഗ്രൂപ്പ് എയിൽ ഇസ്‍ലാം ജിംഖാനയ്ക്കെതിരായ രണ്ടാം ഘട്ട മത്സരത്തിലാണ് അർജുൻ ബാറ്റിങ് വെടിക്കെട്ടു പുറത്തെടുത്തത്. ആദ്യം ബാറ്റു ചെയ്ത എംഐജി ക്ലബ് പ്രജ്നേഷ് കണ്ടിലേവാറിന്റെ സെഞ്ചുറിക്കരുത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.

കെവിൻ ഡി അൽമേഡ എന്ന താരം 96 റൺസ് അടിച്ചു. ഇതിനു ശേഷമായിരുന്നു അർജുന്റെ ബാറ്റിങ് പ്രകടനം. 31 പന്തുകൾ നേരിട്ട അർജുൻ 77 റൺസെടുത്തു. അഞ്ച് ഫോറും എട്ട് സിക്സുകളും പറത്തി. ഓഫ് സ്പിന്നര്‍ ഹാഷിർ ദഫേദർ എറിഞ്ഞ ഒരു ഓവറിലായിരുന്നു അതില്‍ അഞ്ച് സിക്സും. 45 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 385 റൺസാണ് അർജുന്റെ ക്ലബ് ഈ മത്സരത്തിൽ നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഇ‍സ്‍ലാം ജിംഖാനയ്ക്ക് 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബോളിങ്ങിലും അർജുൻ തിളങ്ങി. 41 റൺസ് മാത്രം വിട്ടുകൊടുത്ത് അർജുൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി അരങ്ങേറിയ അർജുന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിൽ ഇറങ്ങിയ അർജുൻ രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ കിട്ടിയത് മൂന്ന് റൺസും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളറാണ് അർജുൻ. ഐപിഎല്ലിൽ താരത്തെ മുംബൈ തന്നെ സ്വന്തമാക്കുമെന്നാണു വിവരം.

Share via
Copy link
Powered by Social Snap