1.25 കോടി ജനങ്ങള്ക്ക് തൊഴില്; ആത്മ നിര്ഭര് റോസ്ഗര് അഭിയാന് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ലക്നൗ: ഉത്തര്‍പ്രദേശില്‍ 1.25 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉത്തര്‍പ്രദേശിലെ ആറ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.

കൊറോണ വൈറസ് വിവിധ ഭാഷാ തൊഴിലാളികളെയുള്‍പ്പെടെ പ്രതികൂലമായാണ് ബാധിച്ചത്. ജോലി നഷ്ടപ്പെട്ട ധാരാളം തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. വിവധ ഭാഷാ തൊഴിലാളികള്‍ക്കും ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളും ഒരുക്കേണ്ടത് ആവശ്യമാണ്. ഈ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ മേഖലകള്‍ക്ക് ഊര്‍ജം പകരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ പിന്നാക്കമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായാണ് 2020 ജൂണ്‍ 20ന് ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ആരംഭിച്ചത്.

ഉത്തര്‍പ്രദേശില്‍ 30 ലക്ഷത്തോളം വിവിധ ഭാഷാ തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ഉത്തര്‍പ്രദേശിലെ 31 ജില്ലകളില്‍ 25,000ത്തിലധികം വിവിധ ഭാഷാ തൊഴിലാളികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിദ്ധ പദ്ധതികള്‍ കോര്‍ത്തിണക്കിക്കൊണ്ട് വ്യവസായ- സന്നദ്ധസംഘടനാ പങ്കാളിത്തത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ”ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്‍” എന്ന പദ്ധതി ആവിഷ്‌കരിച്ചത്. തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വ്യവസായ അസോസിയേഷനുകള്‍, മറ്റ് സംഘടനകള്‍ എന്നിവയുമായി കൈകോര്‍ക്കാനുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാനമന്ത്രിക്കു പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിക്കും. ഉത്തര്‍പ്രദേശിലെ വകുപ്പു മന്ത്രിമാരും വെര്‍ച്വല്‍ ലോഞ്ചില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ ആറ് ജില്ലകളിലെ ഗ്രാമീണരുമായി പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും ജനങ്ങള്‍ക്ക് ജോലി നല്‍കുന്ന ഒരു പദ്ധതി സംഘടിപ്പിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായ തൊഴിലാളികള്‍ക്കാണ് ഇതുവഴി ഏറ്റവും വലിയ ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍.

Share via
Copy link
Powered by Social Snap