15 വർഷമായി അണിഞ്ഞിരുന്ന ഡയ്മണ്ട് കമ്മൽ കാണാനില്ല; സഹായം തേടി ജൂഹി ചൗള

‘ഹരികൃഷ്ണന്‍സ്’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ നടിയാണ് ജൂഹി ചൗള. ഇപ്പോഴിതാ താരത്തിന്‍റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അണിഞ്ഞിരുന്ന ഡയ്മണ്ട് കമ്മൽ നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് ജൂഹി തന്‍റെ ട്വിറ്ററിലൂടെ കുറിച്ചത്. 

മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്. ആഭരണം തിരികെ ലഭിക്കാൻ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം.  ‘ദയവ് ചെയ്ത് സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് താരം തനിക്ക് നഷ്ടമായ ആഭരണം കണ്ടെത്താൻ അഭ്യർത്ഥിച്ചിരിക്കുന്നത്.


‘ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേയ്ക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ’- ജൂഹി കുറിച്ചു. 

കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap