16–ാം വയസ്സിൽ അഴിയെണ്ണി, 13 തവണ ജയിലിൽ; യുകെ തേടിയ കുറ്റവാളിയെ പിടിച്ച് ദുബായ് പൊലീസ്

ദുബായ് ∙ ലഹരിമരുന്ന്, തോക്കുകൾ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളിൽ ഇംഗ്ലണ്ട് പൊലീസ് അന്വേഷിച്ചിരുന്ന സംഘത്തലവന്‍ ദുബായിൽ അറസ്റ്റിൽ. കോളിൻ ഗണ്‍ എന്ന കൊള്ള സംഘത്തെ നയിക്കുന്ന ക്രെയിഗ് മാർടിൻ മോറനാണ് അറസ്റ്റിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ ക്രെയിഗിനെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്റർപോൾ ചുവപ്പു പട്ടികയിൽപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര നിയമം അനുസരിച്ച് പ്രതിയെ ഇംഗ്ലണ്ടിന് കൈമാറുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

അന്വേഷണത്തിന് നിർമിതബുദ്ധിയും

ഇന്റർപോൾ നോട്ടീസ് പുറത്തിറക്കിയതിനെ തുടർന്ന് ദുബായ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്ന് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ അസി.കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. നിർമിതിബുദ്ധിയും ഡാറ്റാ വിശകലനവും ഉപയോഗിച്ച് പ്രതിക്ക് വേണ്ടി ദുബായിൽ അരിച്ചുപെറുക്കി. പ്രതിയുടെ താവളം കണ്ടെത്തി ഒാരോ നീക്കവും വീക്ഷിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് നിന്ന് കാറിൽ പുറപ്പെടാനിരിക്കെ ക്രെയിഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ച ശേഷമായിരുന്നു അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

16 വയസിൽ അഴികളെണ്ണി; 64കാരിയെ കൊലപ്പെടുത്തി

തന്റെ 16–ാം വയസിൽ ക്രെയിഗ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ഒട്ടേറെ തവണയും അഴികൾക്കുള്ളിലായി. ടോട്ടൻഹാമിൽ ജ്വല്ലറിയിൽ ആയുധമുപയോഗിച്ച് കൊള്ളചെയ്തു. ഇവിടെ 64 വയസുകാരിയെ കൊലപ്പെടുത്തുകയും ചെയ്തു. ക്രെയിഗിന്റെ സംഘത്തിൽ നിന്ന് വെടിയേറ്റ മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴായിരുന്നു വയോധിക വെടിയേറ്റ് മരിച്ചതെന്ന് അന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 13 തവണ ക്രെയിഗ് ജയിലിലായി.

52 രാജ്യാന്തര കുറ്റവാളികളെ പിടികൂടി

ദുബായ് അടുത്തകാലത്തായി പൊലീസ് 52 രാജ്യാന്തര കുറ്റവാളികളെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇന്ത്യ, ഹോളണ്ട്, ബെൽജിയം, ഇംഗ്ലണ്ട്, സ്വീഡൻ, ഒാസ്ട്രേലിയ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലെ പിടികിട്ടാപ്പുള്ളികളാണ് ദുബായിൽ അറസ്റ്റിലായത്.

Share via
Copy link
Powered by Social Snap