16–ാം വയസ്സിൽ മറഡോണ ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി ക്യൂബൻ വനിത

ഹവാന∙ അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ക്യൂബൻ വനിത രംഗത്ത്. തനിക്ക് 16 വയസ്സുള്ള സമയത്ത് മറഡോണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ക്യൂബക്കാരിയായ മേവിസ് അൽവാരസിന്റെ ആരോപണം. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും അൽവാരസ് ആരോപിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് അർജന്റീനയിലെ കോടതിയിൽ മൊഴി നൽകാനെത്തിയപ്പോഴാണ് താരത്തിനെതിരെ അൽവാരസ് ലൈംഗിക പീഡനം ആരോപിച്ചത്. മറഡോണ മരിച്ച് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെയാണ് യുവതിയുടെ ആരോപണം.തന്റെ ഇംഗിതത്തിന് വിരുദ്ധമായി ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലിൽ മറഡോണ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു. മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് വല്ലാതെ ബുദ്ധിമുട്ടിച്ചതായും അൽവാരസ് വെളിപ്പെടുത്തി. ക്യൂബൻ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം മറഡോണയുമായുള്ള ബന്ധം തുടരേണ്ടി വന്നു. അഞ്ച് വർഷത്തോളം കാലം മറഡോണയുമായി ബന്ധം തുടർന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.

ലഹരിവിമുക്ത ചികിത്സയ്ക്കായി ക്യൂബയിൽ എത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. അവിടെ ചികിത്സയിൽ കഴിയുന്ന ക്ലിനിക്കിൽ വച്ചാണ് മറഡോണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ യുവതി വെളിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത മുറിയിൽ തന്റെ അമ്മയും ഉണ്ടായിരുന്നു.

‘അദ്ദേഹം എന്റെ വായ പൊത്തിപ്പിടിച്ചു. തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി. അതേക്കുറിച്ച് കൂടുതൽ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരു പെൺകുട്ടിയെന്ന നിലയിൽനിന്ന് ഞാൻ അതോടെ മാറിപ്പോയി. എന്റെ എല്ലാ നിഷ്കളങ്കതയും കവർന്നെടുക്കപ്പെട്ടു. എല്ലാം അതി ക്രൂരമായിരുന്നു’ – അൽവാരസ് പറഞ്ഞു.

2001ൽ മറഡോണയ്ക്കൊപ്പം യുവതി അർജന്റീനയിലേക്കു പോയിരുന്നു. അന്ന് താരത്തിന് 40 വയസ്സും യുവതിക്ക് 16 വയസ്സുമായിരുന്നു പ്രായം. അവിടെ ഹോട്ടലിൽ ആഴ്ചകളോളം തടഞ്ഞുവച്ചുവെന്നും ആരോപണമുണ്ട്.

മറഡോണയും ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയും തമ്മിലുള്ള ബന്ധം നിമിത്തമാണ് ഇത്ര പ്രായവ്യത്യാസമുണ്ടായിട്ടും മറഡോണയുമായുള്ള ബന്ധത്തിന് തന്റെ കുടുംബം അനുമതി നൽകിയതെന്നും അൽവാരസ് പറഞ്ഞു. ക്യൂബൻ സർക്കാരിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിക്കുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

Share via
Copy link
Powered by Social Snap