2 വാക്കിൽ കുറിപ്പെഴുതി; മരണത്തിനു മുൻപ് കൂട്ടുകാരെ വിളിച്ചുവരുത്തി ജൻമദിനാഘോഷം

കൊച്ചി∙ ‘ഞാൻ പോകുന്നു’ രണ്ടു വാക്കുകളിൽ ആത്മഹത്യാ കുറിപ്പൊരുക്കി മരട് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യ എന്ന പ്ലസ് ടു വിദ്യാർഥിനി യാത്ര പറഞ്ഞതിന്റെ ഞെട്ടലിലാണ് സ്കൂളും നാടും കുടുംബവും. കൂട്ടുകാരെ വിളിച്ചു വരുത്തി വെള്ളിയാഴ്ച ജൻമദിനം ആഘോഷിച്ചതിന്റെ തൊട്ടു പിന്നാലെയുള്ള മരണം സഹപാഠികളെയാകെ സങ്കടത്തിലാക്കിയിട്ടുണ്ട്. മരട് ഗ്രിഗോറിയൻ സ്കൂളിലെ വിദ്യാർഥിനിയാണ് നെഹിസ്യ. 

സാധാരണ ഏഴുമണിക്ക് എഴുന്നേറ്റു വരാറുള്ള മകൾ ഒമ്പതു മണിയായിട്ടും പുറത്തു വരാഞ്ഞതോടെ വാതിൽക്കൽ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ സംശയം തോന്നി അയൽവാസിയെ കൂട്ടി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ മുറിയിൽ മരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടിന്റെ മുകളിലെ നിലയിലായിരുന്നു നെഹിസ്യ ഉറങ്ങിയിരുന്നത്.

മരണത്തിലെ അസാധാരണത്വം പൊലീസിനെ വലച്ചെങ്കിലും തുടരന്വേഷണത്തിൽ ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപൂർവമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ടെന്ന് വിദഗ്ധരിൽ നിന്നു മനസിലാക്കാനായെന്ന് പൊലീസ് പറയുന്നു. നേരത്തെ സമാന രീതിയിൽ മൂന്നു പേരെങ്കിലും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമെന്നു സംശയിക്കത്തക്ക നിലയിൽ മുറിയിൽ ഒന്നുമില്ലെന്നും ആരും പുറത്തേയ്ക്ക് രക്ഷപെട്ടതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു. 

മരണം നടന്ന രാത്രിയിൽ വീട്ടിൽ കുട്ടിയുടെ പിതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ലാസ് പരീക്ഷയിൽ മൂന്നു വിഷയത്തിൽ മാർക്കു കുറഞ്ഞു പോയതിന്റെ സങ്കടത്തിലാണ് മരണമെന്നാണ് കരുതുന്നത്. ആത്മഹത്യ കുറിപ്പ് പരിശോധിച്ച പൊലീസ് എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്നറിയാൻ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

English Summary: Class XII student found dead at home in Kochi

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056).

Share via
Copy link
Powered by Social Snap