26–ാം നിലയിലെ ലിഫ്റ്റിൽ നിന്നും താഴേക്ക് പതിച്ചു; മലയാളി യുവാവിന് ദുബായിൽ രണ്ടാം ജന്മം

ദുബായ് ∙ ദുബായിൽ എലവേറ്റർ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂർ സ്വദേശി ഫ്ലേറ്റിൻ ബേബിയുടെ രണ്ടാം ജന്മമാണിത്. ബഹുനില കെട്ടിടത്തിന്റെ 26–ാം നിലയിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടർന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്ലേറ്റിന്റെ ഇടതു കൈ അറ്റുപോകുകയും ചെയ്തു. വൻ അപകടത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന ഇൗ 33കാരൻ ദുബായ് റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരോട് ഉള്ളറിഞ്ഞ് നന്ദി പറയുന്നു

ദുബായിലെ ഒരു ഹോട്ടലിൽ സെപ്റ്റംബർ 28നായിരുന്നു അപകടം. 26–ാം നിലയിൽ നിന്ന് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അഞ്ചാം നിലയിലേയ്ക്ക് താൻ പതിക്കുകയായിരുന്നുവെന്ന് ഫ്ലേറ്റിൻ ബേബി പറഞ്ഞു. പിന്നീട് എനിക്കൊന്നും ഒാർമിയില്ല. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു. കൂടെ ജോലി ചെയ്തിരുന്നവർ സഹായത്തിനായി മുറവിളി കൂട്ടുന്നത് കേട്ടിരുന്നു. സൈറ്റിലുണ്ടായിരുന്ന ഒരു പുരുഷ നഴ്സ് ഉടൻ ആംബുലൻസ് വിളിച്ചു ഫ്ലേറ്റിനെ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൗ മാസം 16ന് ആശുപത്രി വിട്ട ഫ്ലേറ്റിൻ കഴിഞ്ഞ മൂന്നാഴ്ചയായി ചെറിയ തോതിൽ കൈകൊണ്ട് വ്യായാമവും ചെയ്തുവരുന്നു. ഇനി 10 ദിവസം കൂടി കൈയിൽ പ്ലാസറ്റർ തുടരേണ്ടതുണ്ടെന്ന് ഡോ.ബദാവി പറഞ്ഞു. ചുരുങ്ങിയത് ഒരു വർഷം കഴിഞ്ഞാലേ ഫ്ലേറ്റിന് കൈ പൂർവ സ്ഥിതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഭാര്യ റോസാണ് ഫ്ലേറ്റിനെ പരിചരിക്കുന്നത്.

അറ്റുപോയ കൈ അഞ്ചാം നിലയിൽ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap