354 കോടിയുടെ വായ്പത്തട്ടിപ്പ്: കമല്നാഥിന്റെ അനന്തരവന് രതുല് പുരി അറസ്റ്റില്

ന്യൂഡല്‍ഹി: 354 കോടി രൂപയുടെ വായ്പത്തട്ടിപ്പുക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവനും മോസെര്‍ബെയറിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് രതുല്‍ പുരി അറസ്റ്റിലായത്. വായ്പത്തട്ടിപ്പില്‍ രതുല്‍ പുരിക്കെതിരെ കഴിഞ്ഞദിവസം സി.ബി.ഐ. കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. രതുല്‍പുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി (രതുലിന്റെ അമ്മയും കമല്‍നാഥിന്റെ സഹോദരിയും) സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരേയും സി.ബി.ഐ. കേസെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 2012-ല്‍ രതുല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ പദവികളില്‍ തുടര്‍ന്നു.ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്‌തെന്നും അപഹരിച്ചെന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനു വ്യാജരേഖകള്‍ നല്‍കിയെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. സി.ഡി.കള്‍, ഡി.വി.ഡി.കള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് മോസെര്‍ ബെയര്‍.

Leave a Reply

Your email address will not be published.